സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയ  ബലൂച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

സ്‌റ്റോക്‌ഹോം- പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയ ബലൂച് മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സാജിദ് ഹുസൈന്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍  ഇദ്ദേഹത്തെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഓരാഴ്ചയോളമായെന്നാണ് വിവരം. മാര്‍ച്ച് രണ്ടിനാണ് സാജിദ് ഹുസൈനെ കാണാതാകുന്നത്. ഏപ്രില്‍ 23 ന് സ്‌റ്റോക്‌ഹോമിന് സമീപമുള്ള അപ്‌സലയില്‍ ഫൈറിസ് നദീതീരത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 
അതേസമയം, മൃതദേഹ പരിശോധനയില്‍ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് വെളിപ്പെട്ടത്. അപകടമോ കൊലപാതകമോ ആത്മഹത്യയോ ആകാം. എന്നാല്‍ കാരണം അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്നു സാജിദ് ഹുസൈന്‍. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്തുകള്‍, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു സാജിദ്. വധഭീഷണികളെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ ഇദ്ദേഹം അപ്‌സലായില്‍ പാര്‍ട്ട് ടൈം പ്രൊഫസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

Latest News