ഓട്ടോമാറ്റിക് അണുനശീകരണ ഗെയ്റ്റ് നിര്‍മിച്ച് യു.എ.ഇ കമ്പനി

ദുബായ് - കോവിഡ് 19 നിര്‍മാര്‍ജന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി യു.എ.ഇ. ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ അണുനശീകരണ ഗെയ്റ്റ് വികസിപ്പിച്ചുവെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അവകാശപ്പെട്ടു. ചര്‍മത്തിനും കുട്ടികള്‍ക്കും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഗെയ്റ്റ് ധാരാളം ആളുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് ഗുണകരമാകുമെന്ന് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നു.
99.9 ശതമാനം അണുക്കളെയും വൈറസുകളെയും നശിപ്പിക്കാന്‍ ശേഷിയുള്ള അണുനശീകരണ ഗെയ്റ്റിന് ഒട്ടേറെ സവിശേഷതകളുണ്ട്. മാസ്‌ക് ധരിക്കാത്തവരെ തിരിച്ചറിയുന്നതിനും 360 ഡിഗ്രിയില്‍ എല്ലാവശത്തുനിന്നും അണുവിമുക്തമാക്കുന്നതിനും ഈ ഉപകരണത്തിന് സാധിക്കും. എല്‍.സി.ഡി സ്‌ക്രീനുകളുള്ള ഗെയ്റ്റിലൂടെ കടന്നുപോകുന്നയാളിന്റെ ശരീരത്തിന് കൂടുതല്‍ ചൂട് കണ്ടെത്തുന്നപക്ഷം അലാറം മുഴങ്ങുമെന്നും കമ്പനി വ്യക്തമാക്കി.
കോവിഡ് ഭീതിക്ക് ശേഷം വ്യാപാരവും ജനജീവിതവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള യത്‌നത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ തങ്ങളുടെ നേട്ടം സഹായകമാകുമെന്ന് ഗാര്‍ഡ് സാനിറ്റൈസിംഗ് ഗെയ്റ്റിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഹുസാം സമ്മാര്‍ പറഞ്ഞു. മാളുകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍, ബസ് ട്രെയിന്‍ സ്റ്റേഷനുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവക്ക് മുമ്പില്‍ ഈ ഓട്ടോമാറ്റിക് അണുനശീകരണ ഗെയ്റ്റ് സ്ഥാപിക്കാവുന്നതാണ്.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യയെന്നും ഇന്ന് നിലവിലുള്ള സമാന ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇതിന് ഏറെ ചെലവ് കുറവാണെന്നും ഹുസാം സമ്മാര്‍ പറഞ്ഞു.

 

Latest News