Sorry, you need to enable JavaScript to visit this website.

റശീദുദ്ദീൻ അൽസൂരി - ഔഷധ നിർമാണ മേഖലയിലെ വഴികാട്ടി

ലബനാനിലെയും സിറിയയിലെയും മരുഭൂമികളും മലനിരകളും കറങ്ങിയിറങ്ങി അപൂർവ തരം ഔഷധ സസ്യങ്ങളെ കണ്ടെത്തുകയും അവയെ വൈദ്യ ശാസ്ത്രത്തിന് പരിചയപ്പെടുത്തുകയും ചെയ്ത പതിമൂന്നാം നൂറ്റാണ്ടിലെ അറിയപ്പെട്ട ഭിഷഗ്വരന്മാരിൽ ഒരാളായിരുന്നു റശീദുദ്ദീൻ ബിൻ അബീ അൽഫദ്ൽ ബിൻ അലി അൽസൂരി. അഞ്ഞൂറോളം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ രൂപമാറ്റത്തെ കുറിച്ചും 75 ലധികം ലോഹങ്ങളിൽ നിന്ന് വേർതിരിക്കുന്ന മരുന്നുകളെ കുറിച്ചും ജീവികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന 40 ലധികം മരുന്നുകളെ കുറിച്ചും വൈദ്യശാസ്ത്രത്തിന് അവബോധം നൽകിയ അദ്ദേഹം ഡമസ്‌കസിലെ ഡോക്ടർമാരുടെ തലവനായാണ് അറിയപ്പെട്ടിരുന്നത്.
പതിമൂന്നാം നൂറ്റാണ്ടിലാണ് ജീവിച്ചതെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ഗവേഷണ രീതികളായിരുന്നു ഇദ്ദേഹം പിന്തുടർന്നിരുന്നതെന്ന് ആധുനിക സസ്യഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സസ്യശാസ്ത്രത്തിലും ഔഷധ നിർമാണത്തിലും പാശ്ചാത്യ ശാസ്ത്രജ്ഞർക്ക് വഴികാട്ടിയായാണ് അദ്ദേഹം സ്മരിക്കപ്പെടുന്നത്. ഔഷധ സസ്യങ്ങൾ തേടി മലകളും താഴ്‌വരകളും താണ്ടിയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം വ്യഖ്യാതമാണ്. ഒരു ചിത്രകാരനെയും കൂട്ടിയാണ് അദ്ദേഹം ഗവേഷണ സഞ്ചാരത്തിനിറങ്ങിയിരുന്നതെന്നാണ് രേഖകളിലുള്ളത്. ഔഷധ ചെടികൾ മുളച്ചത് മുതൽ വളർന്ന് വലുതായി ഉണങ്ങുന്നതുവരെയുള്ള രൂപപരിണാമങ്ങൾ അവയുടെ യഥാർഥ നിറങ്ങളിൽ പേപ്പറിൽ വരച്ചുവെക്കും. പിന്നീട് അവയെ കുറിച്ച് വിശദമായി പഠിക്കും. ചെടികളുടെ സവിശേഷതകൾ മനസ്സിലാക്കി അവയിൽ നിന്ന് ഔഷധക്കൂട്ടുകൾ വേർതിരിച്ചെടുത്ത് അദ്ദേഹം വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ അമൂല്യ നിധികളായി ഇന്നും സൂക്ഷിക്കപ്പെടുന്നു. പാമ്പ്, തേൾ തുടങ്ങിയ വിഷജന്തുക്കളുടെ കടിയേറ്റവർക്ക് അതുവരെ ലഭ്യമല്ലാത്ത ഏറ്റവും നല്ല ചികിത്സയും മരുന്നുമാണ് അദ്ദേഹം വികസിപ്പിച്ചത്. ആന്തരിക രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൂട്ടുകൾ തയ്യാറാക്കുന്നതിൽ അതിവിദഗ്ധനായിരുന്ന അദ്ദേഹം മെഡിക്കൽ കെമിസ്ട്രിയുടെ സ്ഥാപകരിലൊരാളായി അറിയപ്പെടുന്നു. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗ്രീക്ക്, അറബ് വൈദ്യ വിജ്ഞാനങ്ങളിൽ അദ്ദേഹത്തിന്റെ ഗവേഷണം വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്.
ലബനാനിലെ തയർ എന്നു വിളിക്കപ്പെടുന്ന മധ്യധരണിയാഴിയുടെ തീര പ്രദേശത്ത് ഹിജ്‌റ 573 (ക്രി. 1177)ലാണ് റശീദുദ്ദീൻ അൽസൂരി ജനിച്ചത്. അക്കാലത്ത് സൂർ എന്ന പേരിലായിരുന്ന തയർ പ്രദേശം അറിയപ്പെട്ടിരുന്നത്. സൂറിലേക്ക് ചേർത്താണ് അൽസൂരി എന്നദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസത്തിൽ തത്പരനായിരുന്ന അദ്ദേഹം ഡമസ്‌കസിലേക്ക് പോയി അവിടെയുണ്ടായിരുന്ന മുവഫിഖുദ്ദീൻ അബ്ദുൽ അസീസ്, അബ്ദുല്ലത്തീഫ് അൽബഗ്ദാദി, അബുൽ അബ്ബാസ് അൽജയ്യാനി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു മഹാ പ്രതിഭയായി വളർന്നു.


പഠന ശേഷം ഖുദ്‌സിലേക്ക് പോയി രണ്ടുവർഷത്തോളം സലാഹുദ്ദീൻ അയ്യൂബി സ്ഥാപിച്ച ബീമാരിസ്താനിൽ (അക്കാലത്ത് ആശുപത്രികൾക്ക് ഉപയോഗിച്ചിരുന്ന പേർഷ്യൻ പദം) ഡോക്ടറായി സേവനം ചെയ്തു. ഇക്കാലത്ത് അനേകം വിദ്യാർഥികൾക്ക് വൈദ്യ ശാസ്ത്രത്തിൽ ക്ലാസെടുക്കുകയും അവരെ മികച്ച രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്തു. അപൂർവ ഇനം ഔഷധ സസ്യങ്ങളുടെ സവിശേഷതകളെ കുറിച്ചും വൈദ്യശാസ്ത്രത്തിൽ അതിന്റെ ഉപയോഗങ്ങളെ കുറിച്ചും അദ്ദേഹം അവരെ പഠിപ്പിച്ചു. അതിനിടെ ഖൂദ്‌സ് പ്രദേശത്തുണ്ടായ ഭൂചലനത്തിൽ അദ്ദേഹം ജോലി ചെയ്്തിരുന്ന ആശുപത്രി കെട്ടിടം തകർന്നു. ഹിജ്‌റ 612ൽ അദ്ദേഹത്തെ അയ്യൂബി സുൽത്താനായ അൽആദിൽ അബൂബക്കറിന്റെ കൊട്ടാരവൈദ്യനായി നിയമിക്കുകയും അദ്ദേഹത്തോടൊപ്പം ഈജിപ്തിലേക്ക് പോവുകയും ചെയ്തു. ആദിലിന്റെ മരണ ശേഷം മകനും ഭരണാധികാരിയുമായ അൽമുഅദ്ദം ഈസായുടെയും ശേഷം മകനായ അൽനാസിറിന്റെയും കൊട്ടാരത്തിലെ വൈദ്യനായി സേവനം തുടർന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് ഡമസ്‌കസിലേക്ക് തന്നെ മടങ്ങുകയും അവിടെ പ്രത്യേക ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളും അദ്ദേഹത്തെ കാണാനും ചികിത്സ തേടാനും പഠിക്കാനും അവിടെയെത്താറുണ്ടായിരുന്നു. ഇക്കാലത്ത് അദ്ദേഹം ഡമസ്‌കസ് ഡോക്ടർമാരുടെ മേധാവിയായാണ് അറിയപ്പെട്ടിരുന്നത്. ഹിജ്‌റ 639 (ക്രി. 1241) മരണം വരെ വൈദ്യസേവനങ്ങളുമായി അദ്ദേഹം അവിടെ തന്നെ കഴിഞ്ഞുകൂടി.
കുരിശുയുദ്ധ കാലത്ത് പട്ടാളക്കാരെയും മറ്റും സൗജന്യമായി ചികിത്സിച്ചിരുന്ന അദ്ദേഹം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള ജനസേവനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സമകാലികനായ ചരിത്രകാരനും ഡോക്ടറുമായിരുന്ന ഇബ്‌നു അബീ ഉസൈബിഅ തന്റെ ഉയൂനുൽ അമ്പാഇ ഫീ ത്വബഖാത്തിൽ അഥിബ്ബാഅ് എന്ന ഗ്രന്ഥത്തിൽ റശീദുദ്ദീന്റെ പാണ്ഡിത്യത്തെ പുകഴ്ത്താൻ അനവധി പേജുകൾ നീക്കിവെച്ചിട്ടുണ്ട്. പ്രമുഖ സസ്യശാസ്ത്രജ്ഞനായിരുന്ന ഇബ്‌നുൽ ബൈതാറിന്റെ സമകാലികനായിരുന്നു ഇദ്ദേഹം. രണ്ടുപേരും ഒന്നിച്ചാണ് ഡമസ്‌കസിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നത്.
റശീദുദ്ദീൻ അൽസൂരിയുടെ മുഖ്യ രചനകളിലൊന്നാണ് അൽഅദ്‌വിയതുൽ മുഫ്‌റദ (ദി സംഗിൾ മെഡിസിൻസ്). അൽമുഅദ്ദം രാജാവിന്റെ കാലത്താണ് ഈ ഗ്രന്ഥം രചിച്ചത്. അതുവരെ കണ്ടെത്താത്ത അഞ്ഞൂറോളം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ വകഭേദങ്ങളെ കുറിച്ചും ഇതിലാണ് വിശദീകരിക്കുന്നത്. പതിനാറാം നൂറ്റാണ്ടുവരെ ഈ ഗ്രന്ഥം വൈദ്യശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ട റഫറൻസ് ഗ്രന്ഥമായിരുന്നു. നേത്രരോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന അൽകാഫി ഫീ ത്വിബ്ബിൽ ഉയൂൻ എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ രചനകളിൽ പെട്ടതാണ്. ഈ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് കോപ്പി ഡമസ്‌കസിലെ അൽഅസദ് ലൈബ്രറിയിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

Latest News