Sorry, you need to enable JavaScript to visit this website.

ചിറക് വെച്ച് ആകാശത്തേക്ക് പറന്ന അബ്ബാസ് ബിൻ ഫിർനാസ് 

'ഈ നിമിഷം ഞാൻ നിങ്ങളോട് ഗുഡ്‌ബൈ പറയുന്നു. എന്റെ ചിറകുപയോഗിച്ച് പക്ഷിയെ പോലെ ഞാൻ താഴേക്കും മുകളിലേക്കും പറക്കും. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഞാൻ നിങ്ങളിലേക്ക് സുരക്ഷിതനായി തിരിച്ചുവരും.' തന്റെ ചരിത്രപരമായ പറക്കൽ പരീക്ഷണത്തിന് സാക്ഷിയാകാനെത്തിയ വൻ ജനക്കൂട്ടത്തോട് ഇപ്രകാരം പറഞ്ഞാണ് ക്രി. 875ൽ അഥവാ 65 ാമത്തെ വയസ്സിൽ കൊർദോവയിലെ അൽറസാഫ അൽഅറൂസ് മലമുകളിൽ നിന്ന് ഹാംഗ് ഗ്ലൈഡറിൽ കയറി അബ്ബാസ് ബിൻ ഫിർനാസ് പറക്കാൻ തുടങ്ങിയത്. പത്ത് മിനുട്ട് പറന്ന ശേഷം ലാന്റിംഗിനുള്ള ശ്രമത്തിനിടെ കുത്തനെ താഴേക്ക് പതിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ചരിത്രം.
മനുഷ്യ നിയന്ത്രിത എയർ ക്രാഫ്റ്റ് ആദ്യമായി നിർമിച്ച് പരീക്ഷിച്ച വ്യഖ്യാത ശാസ്ത്രജ്ഞനാണ് ബിൻ ഫിർനാസ് എന്ന അബ്ബാസ് ബിൻ ഫിർനാസ് ബിൻ വിർദാസ് അൽതാകുരീനി. 1903ൽ റൈറ്റ് സഹോദരന്മാർ പറക്കൽ പരീക്ഷണം നടത്തുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് അഥവാ ഒമ്പതാം നൂറ്റാണ്ടിലാണ് ബിൻ ഫിർനാസ് ഗണിത ശാസ്ത്രത്തിലെയും ഭൗതിക ശാസ്ത്രത്തിലെയും ഭൂമി ശാസ്ത്രത്തിലെയും തന്റെ പാണ്ഡിത്യത്തിന്റെ നിറവിൽ പറക്കാനുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചത്. പക്ഷികളെ പോലെ പറക്കാനുള്ള കൊതിയിൽ ഏറെ കാലത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷം 852 ൽ ശരീരത്തിൽ ചിറക് ഘടിപ്പിച്ച് മരപ്പലകകൾ ഉപയോഗിച്ച് ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ പൊതിഞ്ഞ് കൊർദോവയിലെ എറ്റവും വലിയ മസ്ജിദിന്റെ മിനാരത്തിൽ കയറി താഴേക്ക് ചാടി. തന്റെ ആദ്യത്തെ ഈ പറക്കൽ പരീക്ഷണത്തിൽ അദ്ദേഹം വിജയം കണ്ടില്ല. ശരീരം പൊതിഞ്ഞിരുന്ന വസ്ത്രം പാരച്യൂട്ടായി രൂപപ്പെട്ടതിനാൽ അദ്ദേഹം സാവധാനം താഴേക്ക് പതിക്കുകയായിരുന്നു. ആദ്യ പരീക്ഷണത്തിലെ ന്യൂനതകൾ മനസ്സിലാക്കി പിന്നീട് 23 വർഷത്തോളം പറവകൾ, അവയുടെ ചിറകുകൾ എന്നിവയെ കുറിച്ച് പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു പറക്കൽ യന്ത്രം - ഹാംഗ് ഗ്ലൈഡർ - നിർമിക്കുകയും ചെയ്തു. പക്ഷികളുടെ ചിറകിന്റെ പ്രവർത്തനം നിരീക്ഷിച്ച അദ്ദേഹം അവ വായുവിൽ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കി. കാറ്റിന്റെ വേഗത അളക്കുന്നതിന് ഗണിത ശാസ്ത്രത്തിലെ തത്വങ്ങളും പ്രയോഗവത്കരിച്ചു. പട്ടുതുണിയിൽ പൊതിഞ്ഞ പരുന്തിന്റെ ചിറകായിരുന്നു ഗ്ലൈഡറിന്റെ ദിശയും ഉയരവും ക്രമീകരിച്ചിരുന്നത്. പറക്കൽ സമയം ജനങ്ങളെ അറിയിച്ച് മലയിലെത്തുകയും കൂടിനിന്ന ജനത്തെ സാക്ഷി നിർത്തി ഗ്ലൈഡർ ശരീരത്തിൽ ഘടിപ്പിച്ച് പറക്കാൻ തുടങ്ങുകയും ചെയ്തു. പത്ത് മിനുട്ടോളം പറന്ന് ക്ഷീണിച്ചപ്പോൾ ലാന്റിംഗിന് ശ്രമിച്ചു. പക്ഷേ പക്ഷികളെ പോലെ വാലില്ലാത്തതിനാൽ ലാന്റിംഗ് ശ്രമകരമായിരുന്നു. പറക്കാനുള്ള സാങ്കേതികതയെ കുറിച്ച് ഗവേഷണത്തിന് മുതിർന്ന അദ്ദേഹം താഴേക്ക് ഇറങ്ങാനുള്ള സാങ്കേതികതയെ കുറിച്ച് ആലോചിച്ചിരുന്നില്ല. നിലം കുത്തിവീണ എയർക്രാഫ്റ്റിൽ അദ്ദേഹത്തിന്റെ മുതുകെല്ല് പൊട്ടി. പറക്കാൻ ചിറകുകളാണ് സഹായിക്കുന്നതെങ്കിലും ലാന്റിംഗിന് വാൽ പരമപ്രധാനമാണെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. പരുക്ക് ഭേദമായതിന് ശേഷം വാൽ ഘടിപ്പിച്ച് മൂന്നാമതൊരു പറക്കൽ കൂടി അദ്ദേഹം നടത്തി. അതിലും ലാന്റിംഗ് വിജയിച്ചില്ല. ഗ്ലൈഡർ തകർന്നുവീണു അദ്ദേഹം മരിക്കുകയും ചെയ്തു. 884ൽ (ഹിജ്‌റ 274) 77 ാം വയസ്സിലാണ് ഈ സംഭവം.


അമവി ഖലീഫ അബ്ദുറഹ്മാൻ രണ്ടാമന്റെ കാലത്ത് 810 ൽ (ഹി. 194) കുന്നുകളും മലകളും നിറഞ്ഞ റോണ്ട നഗരത്തിലാണ് ബിൻ ഫിർനാസ് ജനിച്ചത്. സ്‌പെയിനിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ധാരാളം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും വാസ്തുശിൽപികളും ശാസ്ത്രത്തിന് മികച്ച സംഭാവനകൾ നൽകിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കൊർദോവയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഖുർആനും മത വിഷയങ്ങളും ഗോള ശാസ്ത്രവും രസതന്ത്രവും ഗണിതവും പഠിച്ച അദ്ദേഹം ഭാഷകളിലും കവിതയിലും സാഹിത്യത്തിലും ശ്രദ്ധ ചൊലുത്തി. ശാസ്ത്രത്തിന് മഹത്തായ സംഭാവന നൽകിയ വൈമാനികനായും എഞ്ചിനീയറായും ഡോക്ടറായും കവിയായും സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെട്ടു.
നിസ്‌കാര സമയം, ഉദയാസ്തമയം എന്നിവ അറിയുന്നതിന് മീഖാത്ത് എന്ന പേരിൽ ലോകത്തെ ആദ്യ ജലഘടികാരം നിർമിച്ച അദ്ദേഹം ക്രിസ്റ്റൽ പാറക്കഷ്ണങ്ങളിൽ നിന്നും മണലിൽ നിന്നും ഗ്ലാസുകളും കണ്ണിന് ഉപയോഗിക്കാവുന്ന ലെൻസുകളും നിർമിച്ചു. തന്റെ വീട്ടിൽ സൂര്യചന്ദ്രാദികളടങ്ങുന്ന കൃത്രിമ ആകാശം നിർമിച്ച് പൊതുജനങ്ങൾക്ക് നക്ഷത്രം, മേഘം, ഇടി, മിന്നൽ എന്നിവ വീക്ഷിക്കാൻ അവസരം ഒരുക്കിയിരുന്നു. സൂര്യ ചന്ദ്രനെ നിരീക്ഷിക്കാനുതകുന്ന ആട്രോലാബ് നിർമിച്ച അദ്ദേഹം  ചെറിയ കണ്ടൈനറിൽ മഷി നിറച്ച് അതിന്റെ ഒരറ്റത്ത് മുന ഘടിപ്പിച്ച് മഷി ഒലിച്ചിറങ്ങുന്ന രീതിയിൽ പേന ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ്. എഞ്ചിനീയറിംഗിലും ഫിസിക്‌സിലും ഗണിതത്തിലും ഗോള ശാസ്ത്രത്തിലും അദ്ദേഹം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
വൈദ്യശാസ്ത്രവും ഫാർമസിയും പഠിച്ച് ബനൂ ഉമയ്യ ഭരണാധികാരികളുടെ കൊട്ടാരത്തിലെ ഡോക്ടറായും സേവനം ചെയ്തിരുന്നു. രോഗങ്ങൾ തിരിച്ചറിഞ്ഞ് മരുന്ന് നിർദേശിക്കുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. കല്ലുകൾ, ചെടികൾ എന്നിവയിൽ നിന്ന് മരുന്ന് വേർതിരിച്ചെടുക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം അപാരമായിരുന്നു.
പറക്കൽ ഗവേഷണത്തിലൂടെ അനശ്വരനായ അദ്ദേഹം അതിനെ കുറിച്ച് ഗ്രന്ഥ രചന നടത്തിയിരുന്നെങ്കിലും സ്‌പെയിൻ ഭരണം മുസ്ലിംകൾക്ക് നഷ്ടമായപ്പോൾ മുസ്ലിം ചിഹ്നങ്ങൾ നശിപ്പിക്കപ്പെട്ട കൂട്ടത്തിൽ ആ അമൂല്യ കൃതിയും അഗ്നിക്കിരയാക്കപ്പെട്ടു. പക്ഷേ അദ്ദേഹത്തിന്റെ എയർക്രാഫ്റ്റിന്റെ മാതൃക ദുരന്തങ്ങളെല്ലാം അതിജീവിച്ചെങ്കിലും യൂറോപ്യർ അത് സ്വന്തമാക്കുകയും ലിയനാഡോ ഡാവിഞ്ചി അടക്കമുളള ശാസ്ത്രജ്ഞർക്ക് പറക്കൽ ഗവേഷണ വിഷയമാവുകയും ചെയ്തു. സുരക്ഷിതമായ ലാന്റിംഗിന് വാൽ അനിവാര്യമാണെന്ന് ബിൻ ഫിർനാസിൽ നിന്നാണ് ഡാവിഞ്ചി മനസ്സിലാക്കിയതെന്നാണ് ചരിത്രം പറയുന്നത്.
അത്ഭുതകരമായ കണ്ടുപിടിത്തങ്ങളുടെ പേരിലാണ് ബിൻ ഫിർനാസ് ലോകത്ത് അറിയപ്പെട്ടത്. ഏതൊരു കണ്ടുപിടിത്തത്തിനും തുടക്കത്തിലുണ്ടാകുന്ന ന്യൂനതകൾ മാത്രമേ ഇദ്ദേഹത്തിന്റെ പറക്കൽ പരീക്ഷണത്തിനുമുണ്ടായിരുന്നുള്ളൂവെന്ന് മിക്ക ചരിത്രകാരന്മാരും ഗവേഷകരും പറയുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ മാനിച്ച് ശാസ്ത്രലോകം ചന്ദ്രനിലെ ഒരു ഗർത്തത്തിന് ഇബ്‌നു ഫിർനാസ് എന്നാണ് പേരിട്ടിരിക്കുന്നത്. വടക്കൻ ബഗ്ദാദിലെ ഒരു എയർപോർട്ടും കൊർദോവയിലെ ഗ്വോദൽക്വീർ നദിക്ക് കുറുകെയുള്ള ഒരു പാലവും ഇദ്ദേഹത്തിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ലിബിയിയിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റാമ്പും പുറത്തിറക്കി. ഇറാഖി വാസ്തുശിൽപിയായ ബദരി അൽസാംറാഇ 1973ൽ ബഗ്ദാദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു.
ബിൻ ഫിർനാസിന് ശേഷം വന്ന വിദഗ്ധരെല്ലാം വാലിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് പറക്കൽ ഗവേഷണം നടത്തിയത്. അദ്ദേഹം മരിച്ച് 400 വർഷങ്ങൾക്ക് ശേഷം ബ്രൂഗർ ബേക്കൺ പറക്കൽ യന്ത്രമുണ്ടാക്കി വിജയിക്കുകയും ചെയ്തു. പിന്നീട് 1903ൽ റൈറ്റ് സഹോദരന്മാർ അത് കൂടുതൽ വികസിപ്പിച്ച് പ്രശസ്തരാവുകയും ചെയ്തു. അതോടെയാണ് വിമാനമെന്ന ആശയത്തിലേക്ക് ഗവേഷകർ തിരിഞ്ഞതും കൂടുതൽ സാങ്കേതിക വിദ്യകളിലേക്ക് കടന്നതും.

Latest News