തിരുവനന്തപുരം- കൊറോണ പ്രതിരോധത്തില്‍ ജനം സര്‍ക്കാരിനോട് ഒറ്റക്കെട്ടായി നിന്നപ്പോള്‍ ചിലര്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ ലോക്ക്ഡൗണില്‍ ജനങ്ങള്‍ സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിച്ചാണ് നിലകൊണ്ടത്. ചെലവ് വര്‍ധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയാസത്തിലാകും. ആ ഘട്ടത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പൊതുതാല്‍പ്പര്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ചിലര്‍ക്ക് കഴിയാതെ പോയി. അവര്‍ രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോകമാകെ ശ്രദ്ധനേടുന്ന പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലിയ സാമ്പത്തിക ബാധ്യതയാണ് നേരിട്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ വികസന പ്രവര്‍ത്തനങ്ങളെ മുമ്പോട്ടുകൊണ്ടുപോകാന്‍ സമ്പത്ത് സ്വരൂപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.






