ശ്രീനഗര്‍- കശ്മീരില്‍ ഭീകരര്‍ക്ക് സംരക്ഷണം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായതിനു പിന്നാലെ തീവ്രവാദ സംഘടനകള്‍ക്ക് ആയുധമെത്തിക്കുന്ന ബി.ജെ.പിക്കാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിലായ സംഭവം കേന്ദ്ര സര്‍ക്കാരിനു നാണക്കേടായി.
ഇനിയെങ്കിലും സര്‍ക്കാര്‍ വിശദീകരിക്കുമോ എന്ന ചോദ്യവുമായി സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു.
ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ച സംഭവത്തില്‍ കശ്മീരില്‍ ബി.ജെ.പി പിന്തണച്ചിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് അറസ്റ്റിലായതിനുശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഷോപിയാന്‍ സര്‍പാഞ്ചായ താരിഖ് അഹ്മദ് മിറിനെ (36) ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്യുകയായിരുന്നു.
ദവീന്ദര്‍ സിംഗ് സുരക്ഷിതിമായി എത്തിക്കാന്‍ ശ്രമിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ നവീദ് മുഷ്താഖ് ഷായെ ചോദ്യം ചെയ്തപ്പോഴാണ് ബി.ജെ.പി പിന്തുണച്ചിരുന്ന സര്‍പാഞ്ചിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മറ്റു തീവ്രവാദി സംഘടനകള്‍ക്കും ആയുധങ്ങള്‍ എത്തിക്കുന്ന് മിര്‍ ആണെന്നായിരുന്നു നവീദിന്റെ വെളിപ്പെടുത്തല്‍. 2011 ലാണ് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ മീര്‍ പ്രസിഡന്റായത്.
ദവീന്ദര്‍ സിംഗ് അറസ്റ്റിലായ കേസുമായി മീറിന് പങ്കില്ലെന്നും ഇയാള്‍ ഹിസ്ബുല്‍ മുജാഹിദീനു പുറമെ, കശ്മീരില്‍ സജീവമായ മറ്റു തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ആയുധങ്ങള്‍ എത്തിച്ചിരുന്നുവെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു.






