Sorry, you need to enable JavaScript to visit this website.

ദയവായി സ്വൈരം തരൂ

മനുഷ്യലോകം ഭീകരമായ വിധത്തിൽ ഒരു മഹാമാരിയിൽ അകപ്പെട്ട്  വീർപ്പ് മുട്ടുന്ന ഈ സമയത്തും ദൈവ വിശ്വാസം തൊട്ടു തീണ്ടാത്ത അൽപ ബുദ്ധികൾ മതത്തിന്റെ പേരിലെന്ന വ്യാജേന പരസ്പരം  കടിച്ചുകീറുന്ന തരത്തിൽ സഭ്യതയുടേയും ആദരവിന്റേയും എല്ലാ സീമകളും ലംഘിച്ച് അന്ധമായി തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങളും ട്രോളുകളും കമന്റുകളും കൊണ്ട് ഇൻഫർമേഷൻ സൂപ്പർ ഹൈവേ ആയ സോഷ്യൽ മീഡിയ അതീവ മലിനമായി കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വൈകിട്ട് ജോലി കഴിഞ്ഞ് വഴിക്ക് വെച്ച് മദ്യപിച്ച് വായിൽ തോന്നിയതൊക്കെ ലക്കും ലഗാനുമില്ലാതെ വിളിച്ച് പറഞ്ഞ് ആർക്കെതിരേയും മുഖം നോക്കാതെ തെറിയും തെമ്മാടിത്തവും പറയുന്ന ചിലരെ കാണാമായിരുന്നു. 
അവർ മദ്യപിച്ച് ലഹരി കയറി ബുദ്ധി ഭ്രമം സംഭവിച്ചോ അല്ലെങ്കിൽ അഭിനയിച്ചോ സദാചാര ബോധത്തെ കാറ്റിൽ പറത്തുന്നവരായിരുന്നു. അത്തരക്കാരെ ഗ്രാമീണർ അങ്ങിനെ തന്നെ എഴുതി തള്ളുകയാണ് പതിവ്.
വിവേകമുള്ള ആരും അവരോട് പ്രതികരിക്കാൻ മുതിരില്ല. കാരണം അവരെ അതർഹിക്കാത്ത ഹീനജൻമങ്ങളായേ എല്ലാ മതസ്തരും രാഷ്ട്രീയക്കാരും കണ്ടിരുന്നുള്ളൂ. 
എന്നാൽ ഇന്ന് അതല്ല സ്ഥിതി, വെള്ളമടിച്ചും കഞ്ചാവ് വലിച്ചും ലഹരിക്കടിപ്പെട്ട് തെരുവിൽ ഇറങ്ങുന്നവർ കുറവാണ്. പകരമതേ പോലെയോ അതിലേറെയോ ക്രിമിനൽ സ്വഭാവമുള്ളവർ സോഷ്യൽ മീഡിയയുടെ സുരക്ഷിത അകലത്തിന്റെയും, വേഷപ്രഛന്ന ഐഡികളുടേയും, ഗുണ്ടാ രാഷ്ട്രീയ പിൻബലത്തിന്റെയും മറവിൽ ഒരു സാമൂഹ്യ മര്യാദയും പാലിക്കാതെ വിഷലിപ്തമായ വാക്കുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും വ്യാജ നിർമിതികൾ കൊണ്ടും അവയുടെ ബോധപൂർവമുള്ള വ്യാപനം കൊണ്ടും ജനത്തെ  വിഘടിപ്പിക്കാനും നെറികെട്ട വർഗീയതയുടെ വിപൽക്കരമായ മലിനാന്തരീക്ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനും കാട്ടുന്ന ആവേശം   പെരുകുകയാണ്. മൈത്രിയിൽ കഴിയുന്ന പരിഷ്‌കൃത സമൂഹത്തിൽ ഈ പ്രവണത ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. 
ഒരു മഹാ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശിഥിലമാക്കുന്ന ഇത്തരം ഹീനമായ ചെയ്തികൾക്കെതിരെ മൗനം പാലിക്കുന്നവർ കൂടി ഈ പാപത്തിൽ കുറ്റക്കാരായി തീരുമെന്ന കാര്യം വിസ്മരിക്കരുത്. 
ഹിന്ദുവായും മുസ്്‌ലിമായും ക്രിസ്ത്യാനിയായും പരസ്പരം പോരടിക്കുന്ന ഇരുളടഞ്ഞ പൈശാചിക മനസ്സുകളിലേക്കു വെളിച്ചം കടത്താൻ അവർ വിശ്വസിച്ചാചരിക്കുന്ന വേദങ്ങളുടെ പൊരുൾ മനസ്സിലാക്കി കൊടുക്കുന്നത് അർത്ഥശൂന്യവും മണ്ടത്തരവുമാണെന്ന് പറഞ്ഞ് വിവേക മതികൾ മാറി നിൽക്കരുത്. 
വർഗീയതയും ഛിദ്രതയും പടർത്തുന്ന സഭ്യേതരമായ ഭാഷ ഉപയോഗിക്കുന്ന ഒരു സന്ദേശവും ദയവ് ചെയ്ത് പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് മാനവികതയിൽ വിശ്വസിക്കുന്ന സംസ്‌കാരമുള്ള ഓരോരുത്തരും തീരുമാനിച്ചാൽ ഇത്തരക്കാരുടെ ദുസ്വാധീനത്തിൽനിന്ന് ഒരു പരിധി വരെ സമൂഹത്തെ രക്ഷിക്കാം. 
കൂടാതെ, സോഷ്യൽ മീഡിയ എക്കൗണ്ടുകൾ ആധാർ കാർഡുമായോ മറ്റെന്തെങ്കിലും തിരിച്ചറിയൽ കാർഡുമായോ ബന്ധിപ്പിക്കാനുള്ള നിയമ നിർമാണം സർക്കാർ നടത്തണം. അത് കാലം ആവശ്യപ്പെടുന്ന സാമൂഹ്യ നീതിയുടെ ഭാഗമാണെന്നറിയുക. കണ്ണടച്ച് വാർത്തകളേയും പോസ്റ്റുകളേയും സന്ദേശങ്ങളേയും വിശ്വസിക്കാതിരിക്കാനുള്ള സോഷ്യൽ മീഡിയാസാക്ഷരത വളർത്തിയെടുക്കാൻ നെറിയുള്ള രാഷ്ട്രീയ സാംസ്‌ക്കാരിക മത സംഘടനകൾ നേതൃത്വം നൽകണം. വീടിനും വിദ്യാലയത്തിനും ഇതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിയും. 
ഗൗരവമുള്ള വിഷയങ്ങൾ വരുമ്പോൾ അനങ്ങാപാറ നയം സ്വീകരിച്ച് നിഷ്‌ക്രിയരോ അതല്ലെങ്കിൽ വികാരജീവികളായി അക്രമാസക്തരായ  എടുത്ത്ചാട്ടക്കാരോ ആയി മാറാതെ അവധാനപൂർവം കാര്യങ്ങളെ പഠിക്കാനുള്ള സാവകാശം കൈകൊള്ളുന്ന വിവേക മതികളായി നാം  സ്വയം മാറുകയും മക്കളേയും ഇളം തലമുറയെയും പ്രസ്തുത സ്വഭാവ ഗുണത്തോടെ വളർത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം അവശ്യമായി വേണ്ടത് വേദ ഗ്രന്ഥങ്ങളുടെ പാരായണവും പ്രബോധനവും തന്നെയാണ്.
 ശ്രീമദ് ഭഗവത് ഗീതയിലെ പതിനേഴാം അദ്ധ്യായത്തിലെ പതിനഞ്ചാം വാക്യം വികാരജീവികൾ വായിക്കട്ടെ: 'അനുദ്വേഗ കരം വാക്യം, സത്യം പ്രിയ ഹിതം ചയതേ, സ്വാധ്യായാഭ്യാസനം ചൈവ വാഗ്മയം തപ  ഉച്യതേ' കേൾക്കുന്നവനിൽ ക്ലേശവും അധമ വികാരങ്ങൾ ജനിപ്പിക്കാത്തതും എന്നാൽ സത്യവും പ്രിയവും ഹിതവുമായ വാക്യമാണ് താപസികമായ സംസാരത്തിലുണ്ടാവേണ്ടത് എന്നാണതിന്റെ വിവക്ഷ. പുതിയ നിയമം നാലാം അധ്യായത്തിലെ 29-ാം വാക്യം വായിക്കട്ടെ: 'കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്.'
(എഫെസ്യർ 4:29) വിശുദ്ധ ഖുർആനിലെ 33-ാം അധ്യായത്തിലെ 70-ാമത്തെ വാക്യം വായിക്കട്ടെ: 'വിശ്വസിച്ചവരേ, നിങ്ങൾ ദൈവത്തെ സൂക്ഷിക്കുക, ഉത്തമമായ വാക്കുകളുരിയാടുക'. 
മോക്ഷം കിട്ടുമെന്ന് വ്യാമോഹിച്ച് സോഷ്യൽ മീഡിയയിൽ മത രാഷ്ടീയത്തിന്റെ കാവൽ പോരാളികളായി പുലഭ്യം പറയുന്ന ഒരു നിയന്ത്രണവുമില്ലാതെ വിഷം പുരട്ടിയ വാക്കുകൾ തൊടുത്തു വിടുന്ന എത്ര തീവ്രഭക്തർക്കറിയാം ഈ വേദ വാക്യപ്പൊരുളുകൾ? തൽക്കാലാവേശത്തിന്റെ പുറത്ത് സോഷ്യൽ മീഡിയയിലാവട്ടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലാവട്ടെ എഴുതിയും പറഞ്ഞും പടച്ചും വിടുന്ന വാക്കുകളും പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും   അത്തരക്കാർക്ക് ഒടുവിൽ ദുരിതപൂർണമായ പര്യവസാനമാണ് സമ്മാനിക്കുകയെന്നകാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല. 
ചരിത്രത്തിൽ വേണ്ടുവോളം തെളിവുകൾ അതിലേക്ക് വെളിച്ചം വീശുന്നതായി കാണാം. 
മത തത്വങ്ങളിലെ അടിസ്ഥാന സമാനതകളും പാഠങ്ങളും മനസ്സിലാക്കാതെ പടവെട്ടുന്നവരേ നിങ്ങൾ ദയവ് ചെയ്ത് ഇത്തിരി നേരം നിങ്ങൾ നില കൊള്ളുന്നതെന്ന് പറയപ്പെടുന്ന വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന പാഠങ്ങൾ വായിച്ച് മനസ്സിലാക്കുക. മഹാ ഭൂരിപക്ഷം വരുന്ന സത്യാന്വേഷികളായ സമാധാന പ്രിയരേ വെറുതെ വിടുക. അവർ സൈ്വര്യമായി പരസ്പരം അറിഞ്ഞും അറിയിച്ചും നന്മകളിൽ സഹകരിച്ചും കാരുണ്യത്തിൽ കൈ കോർത്തും അറുതിയാവുന്നതിന് മുമ്പ് ജീവിതാനന്ദത്തിൽ സൗമ്യമായി  ആറാടിക്കോട്ടെ പ്ലീസ്.

Latest News