വാക്കിലും പ്രവൃത്തിയിലും എഴുത്തിലും പോസിറ്റീവായ ഒരു ഡോക്ടർ

പ്രഗത്ഭ ഭിഷഗ്വരയും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകയും കോളമിസ്റ്റുമായിരുന്ന ഡോ. പി.എ. ലളിത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗത്തെ തുടർന്ന് മരിച്ചത്. ഒരു പതിറ്റാണ്ടിലധികം കാൻസർ വിരുദ്ധ പോരാട്ടങ്ങളിൽ സജീവമായ അവരുടെ പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള ലേഖനം.

 കാൻസർ എന്നു കേട്ടാൽ ഞെട്ടാത്തവർ കുറവാണ്. അടുത്ത ബന്ധുക്കൾക്കോ മറ്റോ ഈ രോഗം പിടികൂടിയാൽ നമ്മുടെ കുറെ നാളത്തെ ദൈനംദിന പ്രവർത്തനങ്ങളെ തന്നെ അത് താറുമാറാക്കും. ഞെട്ടിപ്പിടഞ്ഞു നിൽക്കുന്നവർക്ക് മുന്നിൽ സാന്ത്വനത്തിന്റെ വാക്പ്രവാഹം ഒരുക്കുകയായിരുന്നു ലളിത ഡോക്ടർ. ഇങ്ങനെ തന്റെ മുന്നിലെത്തുന്ന ആർക്കും കാൻസറുണ്ടെന്ന് കേട്ടാൽ അവരെ നെഞ്ചിലേറ്റുന്ന ആളുകൾ കുറവായിരിക്കും അത്തരം പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്ന അനേകം പേരുകളിലൊന്നായിരുന്നു ഡോ. പി.എ. ലളിത എന്നതായിരുന്നു അവരെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാക്കിയ പ്രധാന കാര്യങ്ങളിലൊന്ന്.
ഏകദേശം പന്ത്രണ്ടു വർഷത്തോളം കാൻസർ എന്ന ഭീകരനോട് സ്വയം പൊരുതിയ ഒരു വനിത എന്ന ചങ്കുറപ്പിനപ്പുറമുള്ള ഈ ഭിഷഗ്വരയുടെ മറ്റൊരു മുഖം കൂടിയായിരുന്നത്. വ്യക്തിപരമായി ഉമ്മാക്ക് കാൻസർ വന്ന സമയത്ത് ആണ് ഇത് നേരിട്ടനുഭവിക്കാൻ സാധിച്ചത്. മിക്കവാറും ഒരവസാന ഘട്ടത്തിലായിരിക്കും പലരിലും കാൻസർ കണ്ടെത്തുകയെന്നതിനാൽ, ഇതോടെ ബന്ധുക്കളുടെ പ്രതീക്ഷകൾ അപ്പാടെ തകർന്നു പോകുമെന്നുറപ്പാണ്. ഈ സമയത്ത് മറ്റൊരാളുടെ പ്രത്യേകിച്ച് ഇത്തരമൊരു സന്ദർഭത്തിലൂടെ കടന്നു പോയ ആരുടെയും വാക്കുകൾ വഴികാട്ടിയായിരിക്കും. 
വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളവും മൂന്ന് വർഷം മുമ്പ് ഡോ. ലളിത ഇത്തരമൊരു വലിയ മാർഗദർശനം തന്നെയായിരുന്നു. ഉമ്മാക്ക് കോളം, ലിവർ എന്നിവക്ക് കാൻസർ ബാധിച്ചുവെന്നതിനപ്പുറം ആയുസ്സിന്റെ പുസ്തകത്തിൽ മാസങ്ങൾ മാത്രമെയുള്ളൂ അവരുടെ ജീവിതം എന്ന ഡോക്ടർമാരുടെ വിധിയെഴുത്തായിരുന്നു എന്നെ ഏറെ ഉലച്ചത്. കാൻസർ എന്ന രോഗം കണ്ടെത്തുന്നതോടെ ആയാളുടെ ആയുസ്സിന്റെ പുസ്തകത്തിലെ ജീവിതകാലം കൂടി ഏകദേശം ഭിഷഗ്വരന്മാർ പറയുന്നതാണ് പലപ്പോഴും കാൻസറിന്റെ ഭീകരമുഖം കൂടുതൽ ഭീതിദമാക്കുന്നത്. 
ഇത്തരമൊരു ഘട്ടത്തിലാണ് ഞാൻ ഡോക്ടറുടെ അടുത്തെത്തുന്നത്. കാൻസറിന്റെ ശാസ്ത്രീയ വശത്തിനപ്പുറം ദുഷ്‌കരമായേക്കാവുന്ന വരും ദിനങ്ങളുടെ കാഠിന്യം എങ്ങനെ നേരിടാമെന്നതിലേക്കുള്ള മാർഗനിർദേശങ്ങളായിരുന്നു ഡോക്ടറുടെ ആശ്വാസവാക്കുകളായി നടക്കാവിലെ വീട്ടിലെ സ്വീകരണമുറിയിൽനിന്ന് എനിക്ക് പറഞ്ഞുതന്നത്. ഇതിനെല്ലാം സ്വന്തം അനുഭവത്തിൽ നിന്നുള്ള അവരുടെ ഉദാഹരണങ്ങൾ കൂടി ഉണ്ടായിരുന്നു.
സ്വകാര്യ ആശുപത്രി മുതലാളി കൂടിയായിരുന്ന അവരെക്കുറിച്ച് മുമ്പ് കേട്ടറിഞ്ഞ പല കാര്യങ്ങളും ഇതിന് നേർ വിപരീതമായിരുന്നു. പ്രൊഫഷൻ നല്ല പോലെ കച്ചവടമാക്കി വിറ്റഴിക്കാൻ മിടുക്കുള്ളവർ എന്നു തുടങ്ങി അനേകമനേകം കാര്യങ്ങളായിരുന്നിവ. പക്ഷേ ഈ മുൻ ധാരണകളെയെല്ലാം സുനാമി പോലെ എടുത്തെറിയപ്പെടുകയായിരുന്നു കാൻസർ ബാധിതയായതിനു ശേഷമുള്ള ലളിതയെന്ന ഡോക്ടറെ അടുത്തറിഞ്ഞപ്പോൾ. സ്വയം കാൻസറിന്റെ ഭീകരമുഖം അടുത്തറിഞ്ഞ അവർ കാൻസർ എന്നു കേൾക്കുമ്പോഴെ  മനസ്സലിയുന്ന പരുവത്തിലായി മാറിയിരുന്നു കാൻസർ ബാധിതയായി മാറിയ ശേഷം.
മലബാർ ഹോസ്പിറ്റലിന്റെ വലിയ പടുകൂറ്റൻ ഫ്‌ളെക്‌സ് ബോർഡുകളിലെല്ലാം പ്രത്യക്ഷപ്പെട്ട പ്രധാന വാചകങ്ങളിലൊന്ന് കാൻസർ രോഗികൾക്കായുള്ള പ്രത്യേക സൗകര്യങ്ങളെക്കുറിച്ചുള്ളതായി മാറുന്നത്. ഈ സമയത്ത് വന്ന അവരുടെ ആശുപത്രിയുടെ പരസ്യങ്ങളിലെല്ലാം മുൻതൂക്കം കാൻസറിനു തന്നെയായിരുന്നു. ഡോക്ടർ തന്നെ സ്വന്തം ഫോട്ടോ പോലും ബോർഡിൽ കാൻസറിനെതിരെ സ്വയം പ്രതിരോധം തീർത്തു കൊണ്ടിരിക്കുന്ന ആളെന്ന നിലക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഇതിലെ കച്ചവട സാധ്യതയെ മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മറിച്ച് തന്നെ കീഴടക്കിയ ഈ രോഗത്തിന്റെ ഭീകരതയെ അറിഞ്ഞപ്പോൾ സമാനരായ ആളുകൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന പ്രേരണ തന്നെയായിരുന്നു.
രോഗി സാമ്പത്തികമായി പിന്നോക്കമുള്ളവരാണെങ്കിൽ ആ ഒരു കാരണം കൊണ്ട് വേണ്ട ചികിത്സ മലബാർ ഹോസ്പിറ്റലിൽനിന്ന് കിട്ടാതാകുകയില്ല. എന്നാൽ ചികിത്സയോടൊപ്പമുള്ള ഈ കാരുണ്യഹസ്തം ഡോക്ടറുടെ ആശുപത്രിയെ തളർത്തുകയല്ലായിരുന്നു. കൂടുതൽ കൂടുതൽ വളർത്തുകയായിരുന്നു. കാൻസറിൽ നിന്നത് വൃക്കരോഗികൾ തുടങ്ങി പലരിലേക്കും അതു പോയിരുന്നു. എങ്കിലും കാൻസർ രോഗികളോട് തന്നെയായിരുന്നു ഇവർക്ക് ഒരുപടി മമത കൂടുതൽ. ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കാൻസർ ഫ്രീ കാലിക്കറ്റ് എന്ന പ്രസ്ഥാനം. വിവിധ പ്രവർത്തനങ്ങളിലൂടെ മലബാറിലെ കാൻസർ രോഗികളുടെ അത്താണിയായി മാറിയിരുന്നു ഈ കൂട്ടായ്മ. ഡോക്ടർ തന്നെയായിരുന്നു ഇതിന്റെ എല്ലാമെല്ലാം. ഇതു പോലെ തന്നെയായിരുന്നു കേരളമൊന്നാകെ വളർന്നു പന്തലിച്ച ഏയ്ഞ്ചൽ ചാരിറ്റബിൾ സൊസൈറ്റിയും. 
പ്രത്യക്ഷമായും പരോക്ഷമായും ഇങ്ങനെ അനേകമനേകം സംഘങ്ങളും സംഘടനകളുമെല്ലാം പ്രത്യേകിച്ച് ആരോഗ്യ, ജീവ കാരുണ്യ മേഖലയിലെ പ്രസ്ഥാനങ്ങളുടെ ഒരത്താണിയായിരുന്നു ഈ മഹിളാരത്‌നം. കോഴിക്കോട് കേന്ദ്രമായുള്ള ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി മറ്റൊരുദാഹരണമായിരുന്നു. അര ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരുള്ള ഈ സൊസൈറ്റിയുടെ എല്ലാമെല്ലാം ലളിത ഡോക്ടറായിരുന്നു. മരിച്ചാലും ഇനിയും ജീവിക്കുന്ന അത്ഭുതം തന്നെയാണ് ലളിത ഡോക്ടർ. 

Latest News