കൊച്ചി- കോറോണ വൈറസിനെ തുടര്‍ന്ന് ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്ന ആളുകള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുമ്പോള്‍, 74 കാരനായ യുഎസ് പൗരന്‍ കേരളത്തില്‍ തന്നെ തുടരാന്‍ നിയമപരമായ വഴി തേടി. തന്റെ വിസ ആറുമാസം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നാടക സംവിധായകനും രചയിതാവുമായ ടെറി ജോണ്‍ കണ്‍വേര്‍സാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ വിസ കാലാവധി നീട്ടി നല്‍കാന്‍ കോടതി ഉത്തരവായി.
അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ തനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നുവെന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് പറഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ യുഎസിനേക്കാള്‍ കൂടുതല്‍ രീതിശാസ്ത്രപരവും വിജയകരവുമായ സമീപനമാണ് ഇന്ത്യയുടേത്. ഇന്ത്യ പൊതുവെ, പ്രത്യേകിച്ചും കേരളം, വൈറസ് പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. പകര്‍ച്ചവ്യാധിയെക്കുറിച്ച് കേരള സര്‍ക്കാര്‍ ജനങ്ങളെ വളരെ കാര്യക്ഷമമായി ബോധവാന്മാരാക്കുന്നു, പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം അതിശയകരമാണ്. കൊച്ചിയില്‍ ഒരു ഇന്ത്യന്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്, അവിടെ എനിക്ക് സുഖവും സുരക്ഷിതത്വവുമുണ്ട്-അദ്ദേഹം പറഞ്ഞു.
ടെറി ജോണ്‍ കോണ്‍വേഴ്സ് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാടകത്തിന്റെ എമെറിറ്റസ് പ്രൊഫസറാണ്. സംവിധാനം, സമകാലിക ലോക നാടകം, സ്‌ക്രിപ്റ്റ് വിശകലനം എന്നിവ ഇദ്ദേഹം പഠിപ്പിക്കുന്നു.ഇപ്പോള്‍ കൊച്ചിയിലെ പനമ്പിളി നഗറില്‍ ഫീനിക്‌സ് വേള്‍ഡ് തിയറ്റര്‍ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.






