മര്‍ദനമേറ്റ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പിതാവ് കസ്റ്റഡിയില്‍

അബഹ - പിതാവിന്റെ പീഡനം സഹിക്കവെയ്യാതെ സൗദി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അസീര്‍ പ്രവിശ്യയില്‍ പെട്ട തരീബിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 50 കാരനായ സൗദി പൗരനെ തരീബ് പോലീസ് അറസ്റ്റ് ചെയ്തതായി അസീര്‍ പോലീസ് വക്താവ് ലെഫ്. കേണല്‍ സൈദ് അല്‍ദബാശ് അറിയിച്ചു.

മകള്‍ തൂങ്ങിമരിച്ചതായി സൗദി പൗരന്‍ തരീബ് പോലീസില്‍ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മകളെ താന്‍ മുറിയില്‍ അടച്ചിട്ട് മര്‍ദിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയാണ് മരിച്ചത്. ഫോറന്‍സിക് ഡോക്ടര്‍ക്കും ഫോറന്‍സിക് സംഘത്തിനുമൊപ്പം സൗദി കുടുംബത്തിന്റെ വീട്ടിലെത്തിയ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ സ്വീകരണ മുറിയില്‍ തറയിലാണ് പതിനഞ്ചുകാരിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

യഥാര്‍ഥ മരണ കാരണം കണ്ടെത്തുന്നതിന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി റിപ്പോര്‍ട്ടുകള്‍ കൈമാറാനും മൊബൈല്‍ ഫോണും മറ്റു തെളിവുകളും കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണവും നിയമാനുസൃത നടപടികളും തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Latest News