കൊല്ലം- ജില്ലയിൽ ആശങ്ക പടർത്തി കോവിഡ് വ്യാപനം വർധിക്കുന്നു. ഇന്നലെ ആറ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊല്ലം ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 15 ആയി. ഉറവിടം കണ്ടെത്താൻ ആകാത്ത രോഗികളുടെ എണ്ണവും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണവും വർധിച്ചത് ജില്ലയെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. സമൂഹ വ്യാപന സാധ്യത ഉള്ളതിനാൽ കൂടുതൽ ആളുകളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇന്നലെ സ്ഥിതീകരിച്ച ആറിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. പോസിറ്റീവായ നാലു പേർ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്ഷൻ സ്വദേശികളുടെ ഒൻപതു വയസ്സുള്ള മകനാണ്. രണ്ടാമത്തെ ആൾ ചാത്തന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക കല്ലുവാതുക്കൽ പാമ്പുറം സ്വദേശിനിയാണ് (41 വയസ്സ്). കുളത്തൂപ്പുഴ സ്വദേശിയായ 73 കാരനാണ് മൂന്നാമത്തെ ആൾ. ചാത്തന്നൂർ എം.സി പുരം നിവാസിയായ 64 കാരനാണ് നാലാമത്തെയാൾ. ഇയാൾ ചാത്തന്നൂരിൽ ആദ്യം കോവിഡ് സ്ഥിതീകരിച്ച ആശാവർക്കറെ ആദരിച്ചിരുന്നതായാണ് വിവരം. അഞ്ചാമത്തെ ആൾ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക തൃക്കോവിൽവട്ടം മുഖത്തല സ്വദേശിനിയാണ് (52 വയസ്സ്). ആറാമത്തെ പോസിറ്റീവ് കേസ് ഓഗ്മെന്റഡ് സർവെയ്‌ലൻസിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ്.
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹ വ്യാപനം തടയുന്നതിൽ വിജയകരമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെവരെ 19,046 പേരാണ് ഗൃഹനിരീക്ഷണം പൂർത്തിയാക്കിയത്. പുതുതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ച 77 പേർ ഉൾപ്പെടെ 1,171 പേരാണ് നിലവിൽ ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ പ്രവേശിക്കപ്പെട്ട 10 പേർ ഉൾപ്പെടെ 39 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,511 സാമ്പിളുകളിൽ 53 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവിൽ 15 പോസിറ്റീവ് കേസുകൾ ഉണ്ട്. അഞ്ചു പേർ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഫലം വന്നതിൽ 1,436 എണ്ണം നെഗറ്റീവാണ്.






