Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എംബസിയും രജിസ്‌ട്രേഷന്‍ തുടങ്ങി; അടുത്തയാഴ്ച ഇന്ത്യയിലേക്ക് വിമാന സര്‍വീസിന് സാധ്യത

റിയാദ്- കോവിഡ് വ്യാപന നിയന്ത്രണം കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ സൗദി അറേബ്യയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടുത്തയാഴ്ച വിമാനമെത്തുമെന്ന് റിപ്പോര്‍ട്ട്.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദം പരിഗണിച്ച് ഇന്ത്യയിലെ ലോക് ഡൗണ്‍ സമയപരിധി അവസാനിക്കുന്നതോടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വണ്‍വേ രീതിയില്‍ സര്‍വീസായിരിക്കും ഉണ്ടാവുക. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ താമസിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളൊരുക്കിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിവരികയാണ്.


കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഇന്ത്യക്കാരുടെ ലിസ്റ്റ് എംബസിയും കോണ്‍സുലേറ്റും ക്രോഡീകരിച്ചുവരികയാണെന്നാണ് വിവരം. ഗര്‍ഭിണികള്‍ക്കാണ് മുന്‍ഗണന. പ്രായമായവര്‍ക്കാണ് രണ്ടാം സ്ഥാനം. ഇതുവരെ എംബസിയിലെ ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ച എല്ലാവരുടെയും പൂര്‍ണ വിവരങ്ങള്‍ എംബസി ശേഖരിച്ചുവെച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ത്യന്‍ എംബസി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പ്രത്യേക വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്. https://t.co/K5Hbmr4cFP  എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യമുള്ളത്. അടിയന്തരമായി നാട്ടില്‍ പോകാനുള്ള കാരണം, വിസ സ്റ്റാറ്റസ്, കോവിഡ് ബാധ, ഏതു സംസ്ഥാനക്കാരനാണ്, സൗദിയില്‍ താമസിക്കുന്ന ഏരിയ, ഇന്ത്യയിലെ വിമാനത്താവളം തുടങ്ങിയ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യണം. ഇതില്‍ നിന്നാണ് മുന്‍ഗണനാക്രമം തയ്യാറാക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചുകൊടുക്കുന്നുമുണ്ട്. നാട്ടില്‍ പോകാനായി തര്‍ഹീലുകളില്‍ 136 ഇന്ത്യക്കാരാണ് കാത്തിരിക്കുന്നത്. ഇവരെയും ആദ്യവിമാനങ്ങളില്‍ തന്നെ കൊണ്ടുപോകും. മാത്രമല്ല എഴുപതിലധികം മൃതദേഹങ്ങളും നാട്ടിലേക്കുള്ള വഴി തേടി വിവിധ മോര്‍ച്ചറികളില്‍ കഴിയുന്നുണ്ട്.
അതേസമയം സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ശിര്‍ ഔദ വഴിയും ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലിയില്ലാത്തവര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ എംബസി പ്രാമുഖ്യം നല്‍കുന്നതെങ്കിലും റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ എന്നിവയുള്ളവര്‍ക്കെല്ലാം അപേക്ഷിക്കാമെന്നാണ് ജവാസാത്ത് അറിയിച്ചിട്ടുള്ളത്. അപേക്ഷിച്ചവര്‍ക്ക് ടിക്കറ്റ് നമ്പറടക്കം നല്‍കുമെന്നും ജവാസാത്ത് പറഞ്ഞിട്ടുണ്ട്. നേരത്തെ ജവാസാത്തില്‍ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ലായിരുന്നുവെങ്കിലും പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. ജവാസാത്ത് പ്രകാരമുള്ള യാത്രയാണെങ്കില്‍ സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനങ്ങളായിരിക്കും ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ആദ്യപരിഗണന തര്‍ഹീലിലുള്ളവര്‍ക്കുമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അയക്കുന്ന വിമാനങ്ങളില്‍ അടിയന്തരയാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന. ഏതാനും യുദ്ധക്കപ്പലുകളും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യ.
എംബസിയിലും നോര്‍ക്കയിലും അബ്ശിര്‍ ഔദയിലും രജിസ്റ്റര്‍ ചെയ്തവരെല്ലാം ഒന്നുതന്നെയാകാനാണ് സാധ്യത. ഇത് ക്രമീകരിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കേണ്ടിവരും. അതിന് ശേഷമേ മടങ്ങിപ്പോകാനുള്ള പ്രവാസികളുടെ എണ്ണം കൃത്യമായി ലഭിക്കുകകയുള്ളൂ.

Latest News