അറയ്ക്കല്‍ ജോയിയുടെ ആത്മഹത്യ: നടുക്കം മാറാതെ വയനാടന്‍ ജനത

കല്‍പറ്റ- പ്രമുഖ വ്യവസായിയും  ദുബായ് ആസ്ഥാനമായ ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടറുമായ അറയ്ക്കല്‍ ജോയി(54) കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന വിവരം വയനാടന്‍ ജനതയെ നടുക്കി. ശതകോടികളുടെ ആസ്തിയുള്ള ജോയി സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ദുബായ് പോലീസിന്റെ ഭാഷ്യം വിശ്വസിക്കാനാകാതെ കണ്ണീര്‍ വാര്‍ക്കുകയാണ് കുടുംബാംഗങ്ങളും അദ്ദേഹത്തെ അടുത്തറിയാവുന്നവരും.

ജോയി സ്‌നേഹിതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാനാലാം നിലയില്‍നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു  കഴിഞ്ഞ ദിവസമാണ് ദുബായ് പോലീസ് സ്ഥിരീകരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ജോയിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ബര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സൗറൗര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
മാനന്തവാടി പുതുശേരി വഞ്ഞോട് അറയ്ക്കല്‍ ഉലഹന്നാന്‍-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനാണ് കപ്പല്‍ ജോയി എന്നറിയപ്പെടുന്ന  അറയ്ക്കല്‍ ജോയി. കഴിഞ്ഞ 23നായിരുന്നു മരണം. ജോയി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചുവെന്നാണ് അന്നു വൈകുന്നേരം നാട്ടില്‍ ലഭിച്ച വിവരം. പാവങ്ങളെ കൈയയച്ചു സഹായിക്കുകയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്ന ജോയിയുടെ വിയോഗം വയനാട്ടുകാരെ പൊതുവെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

അരുണ്‍ അഗ്രോ ഫാംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ അഗ്രോ വെറ്റ്  പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,  പെട്രോള്‍ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ്  ട്രേഡേഴ്‌സ്  പ്രൈവറ്റ് ലിമിറ്റഡ്, ദി ഫ്രിംഗ ഫോര്‍ഡ് എസ്റ്റേറ്റ്‌സ് എന്നിവയില്‍ പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ  മരണവുമായി ബന്ധപ്പെട്ടു നാട്ടില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ ഇതെല്ലാം തള്ളുകയാണുണ്ടായത്. ഇതിനിടെയാണ് ജോയി ജീവനൊടുക്കുകയായിരുന്നുവെന്നു സ്ഥിരീകരണം ഉണ്ടായത്.

യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസ ഉടമയായ ജോയിയുടെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്നാണ് വിവരം. എയര്‍ ആംബുലന്‍സില്‍ ജോയിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനു കേന്ദ്ര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അനുമതി ഇന്നു ലഭിക്കുമെന്നാണ് സൂചന. അനുമതി ലഭിച്ചാലുടന്‍  മൃതദേഹം കൊണ്ടുവരുന്നതിനു എയര്‍ ആംബുലന്‍സ് ബംഗളൂരുവില്‍നിന്നു ദുബായിക്കു പറക്കും.

കോഴിക്കോട് എം.പി. എം.കെ.രാഘവന്‍, ദുബായ് എലൈറ്റ് ഗ്രൂപ്പിലെ ആര്‍.ഹരികുമാര്‍ തുടങ്ങിയവരുടെ ശ്രമമാണ് മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള കേന്ദ്രാനുമതിക്കു സഹായകമായത്. ജോയിയുടെ ഭര്യ സെലിനും മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരും മൃതദേഹത്തെ അനുഗമിക്കുമെന്നാണ് അറിയുന്നത്.  

മലബാറിലെ  ഏറ്റവും വലിയ വീടുകളില്‍ ഒന്നാണ്  മാനന്തവാടിയില്‍ അറയ്ക്കല്‍ പാലസ് എന്ന പേരില്‍ ജോയി നിര്‍മിച്ച വീട്. കോടിക്കണക്കിനു രൂപ ചെലവഴിച്ചു പണിത വീട്ടില്‍ ജോയി ഒരു മാസം തികച്ചു താമസിച്ചിട്ടില്ല.

 

Latest News