സ്‌കൂളുകള്‍ തുറന്നതോടെ യു.എ.ഇ റോഡുകള്‍ ഗതാഗതക്കുരുക്കില്‍

ദുബായ് - വേനലവധിക്കു ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങള്‍ തുറന്നതോടെ മേഖലയില്‍ വിവിധയിടങ്ങളില്‍ ഞായറാഴ്ച രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങള്‍, പ്രധാനപ്പെട്ട ഹൈവേകള്‍, സഫീര്‍ മാളിനു സമീപം, അല്‍ അജാസ്, അബു ഷഹ്ഗ്ര പാര്‍ക്ക്, നാഷനല്‍ പെയിന്റ്‌സ്, മെഗാ മാള്‍, കള്‍ച്ചറല്‍ സ്‌ക്വയര്‍, ഷാര്‍ജ സയന്‍സ് മ്യൂസിയം എന്നിവിടങ്ങളിലാണ് ഗതാഗതം പ്രയാസകരമായത്.
ദുബായിലും വാഹന ഗതാഗതത്തില്‍ തടസ്സമുണ്ടായി. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ, വാഫി മാള്‍, അല്‍ ബര്‍ഷ1 എന്നിവിടങ്ങളിലാണ് ദുബായില്‍ ഗതാഗതക്കുരുക്കുണ്ടായത്. ഷാര്‍ജയില്‍നിന്നു ദുബായിലേക്ക് പോകുന്ന മുഹമ്മദ് ബിന്‍ സയിദ് റോഡിലും കനത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടായി. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ഇതിനിടെ ചിലയിടങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അല്‍ഖീയ്ദ മെട്രോ സ്‌റ്റേഷനു മുന്‍വശമുള്ള ഇത്തിഹാദ് റോഡില്‍ വാഹനത്തിന് തീപ്പിടിച്ചുവെന്ന് ദുബായ് പോലീസ് അറിയിച്ചു. ഇതുവഴി പോകുന്നവര്‍ മറ്റു വഴി സ്വീകരിക്കണമെന്നും പോലീസ് ട്വിറ്ററില്‍ അറിയിച്ചു. സ്‌കൂള്‍ മേഖലയിലൂടെ കടന്നു പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News