മസ്‌കത്ത്- കോവിഡ് വ്യാപനം തടയുന്നതിനായി ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. പ്രത്യേക ചെക്ക് പോയിന്റുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്നു റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. എന്നാല്‍, മത്ര, ജഅലാന്‍ ബനീ ബു ആലി വിലായത്തുകളില്‍ യാത്രാ വിലക്ക് തുടരും. സുപ്രീം കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നു മുതലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
അത്യാവശ്യ യാത്രകള്‍ക്ക് അനുമതിയോടെ യാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ച ചെക്ക് പോയിന്റുകള്‍ വഴിയാണു ഗതാഗതം നിയന്ത്രിച്ചിരുന്നത്. ഇന്നു മുതല്‍ വീണ്ടും നഗരവും ഗ്രാമങ്ങളും ചലിച്ചു തുടങ്ങി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നു റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.