പൂനെ- കോവിഡ് ബാധിച്ച വയോധികന്‍ ഐസൊലേഷനില്‍നിന്ന് രക്ഷപ്പെട്ട് 17 കിലോ മീറ്റര്‍ നടന്ന് വീട്ടിലെത്തി.
പൂനെയിലെ ബലേവാഡിയിലാണ് സംഭവം. തദ്ദേശ സ്വയംഭരണ സ്ഥാപനം സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒരു സൗകര്യവുമില്ലാത്തതിനാലാണ് താന്‍ അവിടെനിന്ന് മടങ്ങിയതെന്ന് 17 കി.മീ നടന്ന യെര്‍വാഡയിലെ വീട്ടിലെത്തിയ 70 കാരന്‍ പറഞ്ഞു.
ആവശ്യത്തിന് ഭക്ഷണം ലഭിച്ചിരുന്നില്ല. ഐസോലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് നല്ല ശുചിമുറിയോ താമസസൗകര്യമോ ഇല്ലെന്നും ഇയാള്‍ ആരോപിച്ചു.
കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ കയറാന്‍ സാധിക്കാതെ വീടിനു മുന്നില്‍ അവശനായിരിക്കുന്ന രോഗിയെക്കുറിച്ച് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി ഇയാളെ തിരിച്ചുകൊണ്ടുപോയി.
കോവിഡ് രോഗി രക്ഷപ്പെട്ട വിവരം ഐസൊലേഷന്‍ കേന്ദ്രത്തിലെ അധികൃതര്‍ അറിഞ്ഞിട്ടില്ലായിരുന്നു. ഏപ്രില്‍ 25-നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ മകനും രോഗം സ്ഥിരീരിച്ചിട്ടുണ്ട്.സംഭവം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു






