എട്ട് കോടി സന്ദര്‍ശകര്‍ എത്താറുള്ള ദുബായ് മാളില്‍നിന്ന് പുതിയ വാര്‍ത്ത

ദുബായ്- കര്‍ശനമായ കോവിഡ് മുന്‍കരുതലുകളോടെ വീണ്ടും തുറന്ന ലോകത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദുബായ് മാളിലേക്ക് ആളുകള്‍ എത്തി തുടങ്ങി. വെല്‍ക്കം ബാക്ക് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ട് ധരിച്ച ജീവനക്കാര്‍ ഉപഭോക്താക്കളെ വരവേറ്റു.

കോവിഡ് രോഗലക്ഷണങ്ങളില്‍ പ്രധാനമായ പനിയില്ലെന്ന് ഉറപ്പുവരുത്താന്‍ നെറ്റിയില്‍ ടെംപറേച്ചര്‍ ഗണ്‍ എന്നുവിളിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ പ്രയോഗിച്ച ശേഷമാണ് ആളുകളെ അകത്തേക്ക് കടത്തിവിടുന്നത്. ടൂറിസം ഷോപ്പിംഗ് കേന്ദ്രമായി മാറിയ ദുബായില്‍ ഏറ്റും ആകര്‍ഷകമായ മാളുകളിലൊന്നാണ് ദുബായ് മാള്‍. ബുര്‍ജ് ഖലീഫക്ക് അഭിമുഖമായുള്ള മാളില്‍ 1300 സ്റ്റോറുകളുണ്ട്.

വര്‍ഷം എട്ട് കോടി സന്ദര്‍ശകര്‍ ദുബായ് മാളില്‍എത്തുന്നുവെന്നാണ് കണക്ക്. യു.എ.ഇ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നുവെന്ന പ്രതീതിയോടെയാണ് ചൊവ്വാഴ്ച ദുബായ് മാള്‍ തുറന്നത്. ഒരുമാസമായി അടച്ചിട്ട മാളില്‍ ബുധനാഴ്ച സന്ദര്‍ശകര്‍ കുറവാണ്.

 

Latest News