തിരുവനന്തപുരം- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഓർഡിനൻസ് വഴി ഈ നടപടിക്ക് നിയമസാധുത ലഭിക്കും. ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല. ഓർഡിനൻസിന് ഗവർണർ ഒപ്പിടണം. ഗവർണർ ഇതിന് തയാറാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം പിടിക്കാനുള്ള സർക്കാറിന്റെ ഉത്തരവിനെതിരെ വിവിധ സർവീസ് സംഘടനകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. രണ്ടു മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമ പരമായി നില നിൽക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് എന്നതിന്റെ പേരിൽ സാലറി പിടിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.എന്തിന്റെ പേരിലായാലും ശമ്പളം തടഞ്ഞുവെയക്കൽ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഈ സാഹചര്യത്തിലാണ് രണ്ടു മാസത്തേയക്ക് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദിച്ചു.നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ചുരുങ്ങിയത് 80,000 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് വേണ്ടി വേണ്ടി വരുമെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു.നിലവിലെ സാഹചര്യത്തിൽ ശമ്പളത്തിന്റെ ഒരു ഭാഗം നൽകുന്നത് നീട്ടിവെയ്ക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വാദിച്ചു.എന്നാൽ നിരവധി ജീവനക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ചികിൽസ നടത്താൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഹരജിക്കാർ വാദിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുഴുവൻ ശമ്പളവും നൽകണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടെന്നും ഹരജിക്കാർ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേയക്ക് സ്റ്റ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്്.കൊവിഡ്-19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന പ്രവർത്തനം മികച്ചതാണ്. എല്ലാ മുക്കിലും മൂലയിലും സർക്കാർ അതീവ ശ്രദ്ധയാണ് നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടുകയെന്നത് അവരുടെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.സർക്കാർ ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം എന്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നില്ല.മറിച്ച് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിൽ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.കേസ് മെയ് 20 ന് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് വിവരം.സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു മാസംകൊണ്ട് ഒരോ മാസവും ആറു ദിവസത്തെ ശമ്പളം വീതം പിടിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്.