വാഷിംഗ്ടൺ- കോവിഡ് വ്യാപനം തടയാനുള്ള മുഴുവൻ ശ്രമങ്ങളെ പരാജയപ്പെടുത്തി അമേരിക്കയിൽ രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു. 1,010,717 രോഗികളാണ് നിലവിൽ അമേരിക്കയിൽ ചികിത്സ തേടുന്നത്. മരണം 58,365. സ്‌പെയിൻ, റഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗണിൽ ഇളവുവരുത്തി സാധാരണ ജീവിതം തുടങ്ങാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അമേരിക്കയിൽ മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും വൻ കുതിപ്പ് തുടരുന്നത്. അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമതും നോട്ടമിട്ടിരിക്കുന്ന ഡോൺൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് രോഗികളുടെ എണ്ണത്തിലെ വർധനവ്. ചില രാജ്യങ്ങളിലെല്ലാം രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ രാജ്യങ്ങൾ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്നു. ഷോപ്പുകളും ചില സ്‌കൂളുകളും അടുത്ത മാസം തുറക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. അതേസമയം, പൊതുഗതാഗത സംവിധാനവും വർക്ക് ഫ്രം ഹോം രീതിയും കുറച്ച് ആഴ്ചകൾ കൂടി തുടരും. നിയന്ത്രണങ്ങളെല്ലാം അടുത്ത രണ്ടുമാസത്തിനുള്ളിൽ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ഫ്രാൻസിന്റെ തീരുമാനം. യൂറോപ്പിൽ കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാൻസും സ്‌പെയിനും. 23000 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. റഷ്യയിലും കോവിഡ് പിൻവാങ്ങാതെ നിൽക്കുന്നുണ്ട്. എങ്കിലും അടുത്ത മാസം ലോക്ഡൗണിൽ ഇളവ് വരുത്തുമെന്ന് പ്രസിഡന്റ് വഌദമിർ പുടിൻ അറിയിച്ചു.