ദുബായ്- കോവിഡ് 19 മൂലമുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (എന്‍.ആര്‍.ഐ) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ മിഷനുകള്‍ തയാറായി. ന്യൂദല്‍ഹിയില്‍നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണ് നയതന്ത്ര കാര്യാലയങ്ങള്‍.
ദല്‍ഹിയില്‍നിന്ന് നിര്‍ദേശം കിട്ടിക്കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ഈ വിഷയത്തില്‍ ദല്‍ഹിയില്‍നിന്നുള്ള അന്തിമ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിപ്പോക്കിന് കാത്തിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വിപുലമായ പദ്ധതി സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വിശദമായ പദ്ധതിക്കായി എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നാവികസേനയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ആസൂത്രണ പ്രക്രിയയിലാണെന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടന്‍, മുന്‍ഗണനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും നയതന്ത്രവൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനു സമര്‍പ്പിച്ച വിശദമായ പലായന പദ്ധതിയില്‍, നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളിലായി 1,500 ഇന്ത്യക്കാരെ വീതം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ദല്‍ഹിയില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വിപുല്‍ പറഞ്ഞു. കുടിയൊഴിപ്പിക്കല്‍ രീതി എങ്ങനെയെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും എയര്‍ ഇന്ത്യയും ഇതില്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കായിരിക്കും മുന്‍ഗണനയെന്നാണ് സൂചന. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളായിരിക്കും പിന്നീട്.






