ഇസ്രായിലിന്റെ കോവിഡ് പോരാട്ടത്തിന് അറബ് ഡോക്ടറുടെ കൈയൊപ്പ്

ഹൈഫ- പ്രഭാതത്തിന് മുമ്പ് തന്നെ ഡോ. ഖിതാം ഹുസൈന്‍ ഉണരുന്നു. വേഗം ആശുപത്രിയിലേക്ക്. 44 കാരിയായ ഡോ. ഖിതാം ഉത്തര ഇസ്രായിലിലെ കോവിഡ് ആശുപത്രിയിലെ മേധാവിയാണ്. രാജ്യത്തിന്റെ കൊറോണ വിരുദ്ധ പോരാട്ടം നയിക്കുന്നവരില്‍ ഒരാള്‍.
ജൂതരാഷ്ട്രത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട അറബ് സമൂഹത്തിലെ അംഗമാണ് ഡോ. ഖിതാം എന്നതാണ് അവരെ ശ്രദ്ധേയയാക്കുന്നത്.

അഭൂതപൂര്‍വമായ ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ ഇസ്രായിലിനെ പ്രാപ്തമാക്കുന്ന അറബ് സമൂഹത്തിലെ താരമായിക്കഴിഞ്ഞു അവര്‍.
ഹൈഫക്ക് സമീപത്തെ റംബാം ആശുപത്രിയിലെ കൊറോണ ആശുപത്രിയിലാണ് ഡോ. ഖിതാം ജോലി ചെയ്യുന്നത്. മാസങ്ങളായി ദിവസവും 12 മുതല്‍ 15 വരെ മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. പ്രയാസകരമായ ദൗത്യമാണിത്, ഒരു ദിവസവും മറ്റൊന്നുപോലല്ല- വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് അവര്‍ പറഞ്ഞു.

1948 ല്‍ ജൂതരാഷ്ട്രപ്രഖ്യാപനം നടക്കുമ്പോള്‍, അവിടെ താമസിച്ചിരുന്ന അറബ് വംശജരുടെ പിന്‍ഗാമികളാണ് ഇന്നത്തെ ഇസ്രായിലി അറബ് സമൂഹം. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ഇവരുടെ സാന്നിധ്യം വൈദ്യചികിത്സാരംഗത്ത് വളരെയേറെയാണ്. അടിച്ചമര്‍ത്തലുകള്‍ക്കും അവകാശനിഷേധങ്ങള്‍ക്കുമപ്പുറം, മാതൃരാജ്യത്തിന്റെ പ്രതിസന്ധിയില്‍ വെല്ലുവിളി ഏറ്റെടുക്കുന്ന മാതൃകാസമൂഹമാണ് ഇപ്പോള്‍ അവര്‍. ഡോ. ഖിതാം അവരുടെ പ്രതീകവും.

 

Latest News