Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധുര അപകടം; മരിച്ചത് ജിദ്ദയിൽ പ്രവാസികളായിരുന്ന കുടുംബം

കൊല്ലം- പള്ളിമുക്ക് കൊല്ലൂർവിള സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ തമിഴ്‌നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന ഫിറോസിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ വർഷമാണ് കുടുംബം നാട്ടിൽ സ്ഥിരതാമസമായത്. 
ഫിറോസിന്റെ ഭാര്യയുടെ ഉമ്മയും കൊല്ലൂർവിള മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപം ആസാദ് നഗർ 30 'അൽ മിന'യിൽ പരേതനായ സ്വാതന്ത്ര്യ സമര സേനാനി ഇബ്രാഹിം കുട്ടിയുടെ മകളും പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യയുമായ നൂർജഹാൻ (67), ഇവരുടെ മകൾ സജീന ഫിറോസ് (50), ഇളയ മകൾ ഖദീജ (19), മറ്റൊരു മകളായ ഫാത്തിമയുടെ ഭർത്താവ് കരുനാഗപ്പള്ളി തഴവ കോട്ടക്കാട്ട് വീട്ടിൽ സലീമിന്റെയും ഷൈലജയുടെയും മകൻ കുവൈത്തിൽ എൻജിനീയറായ സജീദ് സലിം (28) എന്നിവരാണ് മരിച്ചത്. സജീദിന്റെ ഭാര്യ ഫാത്തിമ (20), സഹോദരി ഐഷ (20) എന്നിവരാണ് പരിക്കുകളോടെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 

ശനിയാഴ്ച പുലർച്ചെയാണ് ഇവർ സ്വന്തം കാറിൽ പള്ളിമുക്കിൽനിന്ന് മധുരക്ക് പുറപ്പെട്ടത്. രാവിലെ പത്തരയോടെയാണ് അപകടം. പത്തനംതിട്ടയിൽ എൻജിനീയറിംഗ് വിദ്യാർഥിനിയായ ഐഷയുടെ കണ്ണിന്റെ ചികിത്സക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കാറിൽ ലോറിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  മൂന്നു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

മൃതദേഹങ്ങൾ ഉശിലാംപെട്ടി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഇന്നു പുലർച്ചെ  മൃതദേഹങ്ങൾ കൊല്ലൂർവിളയിലെ വീട്ടിൽ എത്തിക്കും. സജീദ് സലിം ഒഴികെയുള്ളവരുടെ മൃതദേഹങ്ങൾ കൊല്ലൂർവിള മുസ്‌ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിലും  സജീദ് സലീമിന്റേത് കരുനാഗപ്പള്ളി വട്ടപ്പറമ്പ് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിലും ഖബറടക്കും. ഇക്കഴിഞ്ഞ ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് സജീദ് സലിം വിവാഹിതനായത്. 
മരണവിവരമറിഞ്ഞ് ഫിറോസ് ജിദ്ദയിൽനിന്ന് നാട്ടിലേക്ക് തിരിച്ചു. വർഷങ്ങളായി ജിദ്ദയിലുള്ള കുടുംബം മക്കൾ പ്ലസ് ടു കഴിഞ്ഞതോടെ കഴിഞ്ഞ വർഷമാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. സജീന ജിദ്ദ അൽ മവാരിദ് സ്‌കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ മവാരിദ് സ്‌കൂളിലാണ് പഠിച്ചിരുന്നത്.

Latest News