കുവൈത്തില്‍ കൊറോണ മരണം 22 ആയി

കുവൈത്ത് സിറ്റി - കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടു കൊറോണ രോഗികള്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ ആകെ 22 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ 213 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. കുവൈത്തില്‍ ഇതുവരെ ആകെ 3,288 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്.  കുവൈത്തില്‍ 206 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് വിമുക്തരായവരുടെ എണ്ണം 1,012 ആയി ഉയര്‍ന്നതായും കുവൈത്ത് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍സ്വബാഹ് അറിയിച്ചു.
ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 957 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 11,244 ആയി ഉയര്‍ന്നു. രാജ്യത്ത് 54 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ ഖത്തറില്‍ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 1,066 ആയി. ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 10 കൊറോണ രോഗികളാണ് മരണപ്പെട്ടത്.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 61 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ കൊറോണ രോഗികളുടെ എണ്ണം 1,482 ആയി. രാജ്യത്ത് 29 പേര്‍ പുതുതായി രോഗമുക്തരായിട്ടുണ്ട്. ഇതോടെ ബഹ്‌റൈനില്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,218 ആയി. ബഹ്‌റൈനിലും പുതിയ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെ എട്ടു കൊറോണ രോഗികളാണ് മരണപ്പെട്ടത്.
ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 2,049 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ 51 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. ഒമാനിലും പുതുതായി കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനില്‍ ഇതുവരെ പത്തു കൊറോണ രോഗികളാണ് മരണപ്പെട്ടത്.

 

Latest News