അബുദാബി- വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ സ്വമേധയാ പരിശോധനക്ക് മുന്നോട്ടുവരണമെന്ന് അറിയിപ്പില്‍ പറയുന്നു.
ചില സ്ഥാപനങ്ങള്‍ തൊഴിലാളികളെ പരിശോധനക്ക് അയക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതായി സാമ്പത്തിക വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി റാശിദ് അബ്ദുല്‍ കരീം അല്‍ ബലൂശി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും അതിന് നിയമപരമായ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പരിശോധന ഉറപ്പാക്കിയില്ലെങ്കില്‍ 5000 ദിര്‍ഹമായിരിക്കും പിഴ. ആറു മാസത്തേക്ക് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും.