കോട്ടയം- ജില്ലയെ കടുത്ത ആശങ്കയിലാഴ്ത്തി അഞ്ചു കോറോണ വൈറസ് ബാധിത കേസുകൾ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകൾ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്. കേസുകൾ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തലയോലപ്പറമ്പ് മേഖലയിൽ രണ്ടു കേസുകളും അയ്മനം, കിടങ്ങൂർ, നഗരത്തോട് ചേർന്ന ചാന്നാനിക്കാട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് പുതിയ കേസുകൾ. ഇതിൽ രണ്ടു കേസുകൾ ഒരു മാസത്തിനുശേഷമാണ് സ്ഥിരീകരിച്ചതെന്നതാണ് പ്രത്യേകത. രണ്ടു രോഗ ബാധിതർ ആരോഗ്യ പ്രവർത്തകരാണ്. ഇതിലൊരാൾ തിരുവനന്തപുരം ആർ.സി.സിയിലെ നഴ്‌സാണ്.
വൈക്കം മേഖലയിൽ വടയാർ, വെള്ളൂർ എന്നിവടങ്ങളിലാണ് ഇന്നലെ കേസുകൾ റിപ്പോർട്ട് ചെയ്തത്. വടയാർ സ്വദേശി (53) വിദേശത്തുനിന്ന് എത്തിയ ബന്ധുക്കളുമായി സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പരിശോധന നടത്തിയത്. അയ്മനം പഞ്ചായത്തിലെ ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (32), ചുമയെത്തുടർന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
ചാന്നാനിക്കാട് സ്വദിശിനിയായ ബിരുദാനന്തര ബിരുദ വിദ്യാർഥിനി (25) യാണ് രോഗം ബാധിച്ച മറ്റൊരാൾ. രണ്ടാഴ്ചയായി ചുമ തുടരുന്ന സാഹചര്യത്തിൽ ചികിത്സ തേടുകയായിരുന്നു.
തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തകയായ കിടങ്ങൂർ പുന്നത്തറ സ്വദേശിനി (33) ചുമയെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. പരിശോധയിൽ കോവിഡ് പോസിറ്റീവായി.
വൈക്കം വെള്ളൂരിൽ താമസിക്കുന്ന റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി (56) മാർച്ച് 20 ന് നാഗർകോവിലിൽ പോയി 22 ന് മടങ്ങിയെത്തി. പനിയെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു.
ഇന്നലെ 114 പേരെ നിരീക്ഷണത്തിലാക്കിയതോടെ വീടുകളിൽ 650 പേരായി. ആശുപത്രി നിരീക്ഷണത്തിൽ 11 പേരുമുണ്ട്.
കൊറോണ മുക്തമായിരുന്ന ജില്ലയിൽ ഒരാഴ്ചക്കിടെയിലാണ് വ്യാപനം ശക്തമായത്. ഗ്രീൻ സോണിൽ ഉൾപ്പെട്ട് നിയന്ത്രണം പൂർണമായി മാറ്റിയതോടെ കോട്ടയത്ത് പ്രതീക്ഷ വളർന്നതാണ്. ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച കോട്ടയം മാർക്കറ്റിൽ ചുമട്ടു തൊഴിലാളിക്ക് ഉൾപ്പെടെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇതോടെ ജില്ല ഓറഞ്ച് സോണിലായി. ശനിയാഴ്ച മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ പാലാ സ്വദേശിനിയും രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 11 രോഗികളായി. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരടക്കം നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നത് ആരോഗ്യ വകുപ്പ് അതീവ ഗൗരവമായിട്ടാണ് കാണുന്നത്.






