തായ്‌ലന്‍ഡില്‍ 11 പുരുഷന്മാരെ കബളിപ്പിച്ച മുങ്ങല്‍ വധു പിടിയില്‍

ബാങ്കോക്ക്- രണ്ടു വര്‍ഷത്തിനിടെ 11 പുരുഷന്മാരെ വിവാഹം ചെയ്ത് അവരുടെ പണവുമായി രക്ഷപ്പെട്ട തട്ടിപ്പുകാരിയെ പിടികൂടിയ കഥയാണിപ്പോള്‍ തായ്‌ലാന്‍ഡിലെ മാധ്യമങ്ങളിലെ ചൂടേറിയ വാര്‍ത്ത. തായ് പാരമ്പര്യമനുസരിച്ച് വധുവിന് വരന്‍ നല്‍കുന്ന പണം കൈക്കലാക്കിയ ശേഷം പലകാരണങ്ങള്‍ പറഞ്ഞ് മുങ്ങുകയായിരുന്നു യുവതിയുടെ തട്ടിപ്പു രീതി. ഓരോ ഭര്‍ത്താവില്‍ നിന്നും ആറായിരം ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെയാണ് യുവതി കൈക്കലാക്കി മുങ്ങിയത്.
പെട്ടിയും പണവുമെടുത്ത് ഒരു സുപ്രഭാത്തില്‍ മുങ്ങുകയല്ല ഇവരുടെ രീതി. വിശ്വസനീയമെന്ന് തോന്നുന്ന പലകാരണങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുങ്ങല്‍. ജാതകത്തില്‍ പ്രശ്‌നമുണ്ടെന്നും വിവാഹ ബന്ധം തുടരുന്നത് അഭികാമ്യമല്ലെന്നാണ് ജ്യോത്സന്റെ നിര്‍ദേശം എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കും. കുടുംബ ബിസിനസില്‍ തന്റെ സജീവ പങ്കാളിത്തം ആവശ്യമായതിനാല്‍ പോകുന്നു തുടങ്ങിയ കാരണങ്ങളൊക്കെ പറഞ്ഞാണ് മുങ്ങുന്നത്.
പഠിച്ച കള്ളിയായ യുവതി ഓഗസ്റ്റില്‍ മാത്രം ഇങ്ങനെ നാലു തവണ വിവാഹം ചെയ്തതായി പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് രണ്ടു വര്‍ഷത്തിനിടെ 11 പുരുഷന്മാരെ ഇവര്‍ വിവാഹം ചെയ്ത് വഴിയാധാരമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
യുവതിയുടെ വിവാഹ തട്ടിപ്പുകളെ കുറിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് കൂടുതല്‍ പേര്‍ പരാതികളുമായി എത്തിയത്. ഈ കേസുകളെല്ലാം അന്വേഷിച്ചപ്പോള്‍ സമാനരീതിയിലാണ് യുവതി എല്ലാവരേയും പറ്റിച്ചതെന്ന് കണ്ടെത്തി. ഫേസ്ബുക്ക് വഴിയാണ് തുടക്കം. ഇരകളെ ഫേസ്ബുക്കില്‍ സുഹൃത്താക്കും. അടുപ്പമുണ്ടാക്കിയ ശേഷം നേരിട്ട് കാണും. അവരുമായി ലൈംഗിക ബന്ധത്തിലുമേര്‍പ്പെടും. ശേഷം ഈ ബന്ധം വിവാഹത്തിലെത്തിക്കും. എന്നിട്ടാണ് പണവുമായി മുങ്ങല്‍. മുങ്ങല്‍ വധു എന്ന പേരിലാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

സംഭവം തായ്മാധ്യങ്ങളില്‍ നിറഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ നഖോന്‍ പതോം പ്രവിശ്യയില്‍ നിന്ന് 32കാരിയായ ജറിയാപോണ്‍ ബുവയായ് എന്ന യുവതിയെ അറസ്റ്റ് ചെയ്തു.  യഥാര്‍ത്ഥ ഭര്‍ത്താവിന്റെ അടുത്തുനിന്നാണ് ഇവര്‍ പിടിയിലായത്. വിവാഹ തട്ടിപ്പിലൂടെ 90,000 ഡോളര്‍ ഇവര്‍ തട്ടിയതായി പോലീസ് പറഞ്ഞു. യുവതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. താന്‍ ആരേയും ചതിച്ചിട്ടില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. 11 പേരെ വിവാഹം ചെയ്തിട്ടില്ലെന്നും ഏഴു പേരെ മാത്രമാണ് വിവാഹം ചെയ്തതെന്നും യുവതി പറയുന്നു. ഇവരെല്ലാം സ്വമേധയാ തന്റെ കുടുംബത്തിന്റെ പഴക്കച്ചവടത്തില്‍ പണമിറക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.

Latest News