കോവിഡിന് ചികിത്സ തേടി പുഴ നീന്തിക്കടന്ന് ബം​ഗ്ലാദേശ് യുവാവ് ഇന്ത്യയിൽ

ഗുവാഹത്തി- കോവിഡിന് ചികിത്സ തേടി ബംഗ്ലാദേശ് യുവാവ് പുഴ നീന്തിക്കടന്ന് ഇന്ത്യയിലെത്തി. മുപ്പതുകാരനായ അബ്ദുൾ ഹഖാണ് അസമിലെ കരിംഗഞ്ച് ജില്ലയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തില്‍ എത്തിയത്. തുടര്‍ന്ന് ബിഎസ്‌എഫ് ഇടപെട്ട് ഇയാളെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈകാറി. ഗ്രാമവാസികളാണ് അതിര്‍ത്തി രക്ഷാസേനയെ വിവരം അറിയിച്ചത്.

ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് ബംഗ്ലാദേശി യുവാവ് കുഷ്യാര നദി നീന്തിക്കടന്ന് ഇന്ത്യയിലേക്ക് എത്തിയത്. കരിംഗഞ്ച് പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള മുബാറക്പൂർ എന്ന സ്ഥലത്താണ് എത്തിച്ചേര്‍ന്നത്. യുവാവ് എത്തിയത് ശ്രദ്ധയില്‍പെട്ട ഗ്രാമവാസികൾ വിവരം ബിഎസ്‌എഫിനെ അറിയിച്ചു. ബിഎസ് ‌എഫ് ബംഗ്ലാദേശ് ഗാര്‍ഡ്സിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഇയാളെ തിരികെ കൊണ്ടുപോയത്.

“അയാള്‍ക്ക് നല്ല പനിയുണ്ടായിരുന്നു. നന്നേ ക്ഷീണിതനുമാണ്. സംസാരിക്കുമ്പോള്‍ അവശത പ്രകടമായിരുന്നു. താൻ കോവിഡ് ബാധിതനാണെന്നും ചികിത്സ തേടിയാണ് ഇന്ത്യയിലേക്ക് നദി മുറിച്ചുകടന്ന് എത്തിയതെന്നുമായിരുന്നു ഇയാളുടെ അവകാശവാദം." സിൽചാർ ആസ്ഥാനമായുള്ള ബിഎസ്എഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ജെ സി നായക് പറഞ്ഞു. 

അദ്ദേഹം കോവിഡ് ബാധിതനാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ അദ്ദേഹം അനാരോഗ്യനാണെന്ന് വ്യക്തമാണ്. കൊറോണ വൈറസ് ഭീതി കാരണം ഇന്ത്യൻ ഗ്രാമവാസികൾ അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു. പരിശോധനയിലൂടെ മാത്രമേ അയാള്‍ക്ക് രോഗമുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ - നായക് കൂട്ടിച്ചേര്‍ത്തു.

Latest News