നോര്‍ക്ക രജിസ്‌ട്രേഷന്‍; സൈറ്റ് തുറക്കാന്‍ പോലുമാകാതെ പ്രവാസികള്‍

ജിദ്ദ-നാട്ടിലേക്ക് മടങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചെങ്കിലും നോര്‍ക്ക വെബ് സൈറ്റ് തുറക്കാന്‍ പോലും പറ്റുന്നില്ലെന്ന് പരാതി. തകരാറുകള്‍ പരിഹരിച്ച് ഞായറാഴ്ച രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചക്കുശേഷവും സൈറ്റ് നിശ്ചലമാണ്. സൈറ്റ് തുറന്നാല്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പാണുള്ളത്.

രജിസ്‌ട്രേഷന്‍ പേജ് തയാറാക്കി വരുന്നേയുള്ളൂ എന്നാണ് ലൈവ് ചാറ്റില്‍ അന്വേഷിക്കുന്നവര്‍ക്ക് നോര്‍ക്ക നല്‍കുന്ന മറുപടി. നൂറുകണക്കിനാളുകളാണ് ചാറ്റില്‍ മറുപടി ലഭിക്കാന്‍ കാത്തുനില്‍ക്കുന്നത്.

 

https://www.malayalamnewsdaily.com/sites/default/files/2020/04/26/norka11.jpg

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പ്രത്യേക വിമാനങ്ങളില്‍ മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്തമാസം മുതല്‍ മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ എത്തിക്കും. സന്ദര്‍ശക വീസയില്‍ പോയി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വിദേശകാര്യമന്ത്രാലയം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്ത് അയച്ചിരുന്നു. സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു ഇത്.  വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗ ബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നു.

ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയായിക്കും നടപടികള്‍. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

 

 

Latest News