കശ്മീര്‍ ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു; കോവിഡ് മേഖല ആയതിനാല്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം

ശ്രീനഗര്‍-ജമ്മു കശ്മീരില്‍ കോവിഡ് റെഡ് സോണില്‍നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണി മരിച്ചതിനെ തുടര്‍ന്ന്  അന്വേഷണത്തിന് ഉത്തരവിട്ടു. അനന്ത്‌നാഗ് ജില്ലയിലെ പ്രസവ ആശുപത്രിയിലാണ് ഗര്‍ഭിണി മരിച്ചത്. കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്തെ താമസക്കാരിയായതിനാല്‍ ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം.

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ തെക്കന്‍ കശ്മീര്‍ ജില്ലയിലെ ഖാര്‍പോറ ഗ്രാമത്തെ  റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ്  ഗര്‍ഭിണിയെ അനന്ത്‌നാഗിലെ  പ്രസവ, ശിശു സംരക്ഷണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരട്ട കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചു. റെഡ് സോണ്‍ പ്രദേശത്ത് നിന്നുള്ളവരായതിനാല്‍ ഡോക്ടര്‍മാര്‍ ചികിത്സ വൈകിപ്പിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ്
വസ്തുതകള്‍ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ട് ദിവസത്തിനുശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടതായി അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശൗക്കത്ത്  ജീലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചികിത്സ വൈകിയെന്ന് കരുതുന്നില്ലെന്നും കുടുംബത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Latest News