ആഗ്ര- ഈ മാസം 17 ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാളാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഈ ജന്മദിനം സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചത് വിവാദമായിരിക്കുന്നു. അവധി ദിവസമാണെങ്കിലും ഞായറാഴ്ച നടക്കുന്ന ജന്മദിനാഘോഷത്തിന് കുട്ടികളെല്ലാം നിര്‍ബന്ധമായും സ്‌കൂളുകളിലെത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് അന്ന് പ്രവര്‍ത്തി ദിവസമായിരിക്കും.
അടിസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി അനുപമ ജയ്‌സ്വാള്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ 1.60 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രധാനമന്ത്രി മോഡിയുടെ ജന്മദിനമാഘോഷിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എംഎല്‍എമാരെല്ലാം അവര്‍ ദത്തെടുത്ത സ്‌കൂളുകളിലെത്തി അവിടെ മോഡിയുടെ സന്ദേശം പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മോഡിയുടെ സ്വപ്‌നമായ ശുചിത്വ ഇന്ത്യ എന്നതിനെകുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ ഈ ദിവസം ബോധവല്‍ക്കരിക്കുമെന്നും അവര്‍ പറഞ്ഞു.
സ്‌കൂളുകളിലെ മോഡി ജന്മദിനാഘോഷത്തിന് ബിജെപിയുടേയും പിന്തുണയുണ്ട്. കുട്ടികള്‍ക്ക് ഒരു മാതൃകാ പുരുഷനായി മോഡിയെ ഉയര്‍ത്തിക്കാട്ടാന്‍ ഇതുവഴി കഴിയുമെന്നാണ് ബിജെപി വക്താവ് ചന്ദ്രമോഹന്‍ പ്രതികരിച്ചത്.
ഈ മാസം ഒന്നു മുതല്‍ 15 വരെ ശുചിത്വ ദ്വൈവാരമായി ആചരിക്കണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍വകലാശാലകളോടും നിര്‍ദേശിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളിലും അഫിലിയേറ്റഡ് കോളെജുകളിലും വൈസ് ചാന്‍സലര്‍മാര്‍ മൂന്‍കൈയെടുത്ത് ഈ പദ്ധതി പ്രചരിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.






