കൊല്ലം- ജില്ലയില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഈ പഞ്ചായത്തുകളില്‍ പുനസ്ഥാപിച്ചതായും കലക്ടര്‍ വ്യക്തമാക്കി. പോലിസ്, റവന്യൂ വിഭാഗങ്ങള്‍, ആശുപത്രികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു സ്ഥാപനവും തുറക്കാന്‍ പാടില്ല.
ശനിയാഴ്ച മൂന്നുപേര്‍ക്കാണ് കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് തീവ്രതാ മാപ്പില്‍ ഓറഞ്ച്-ബി സോണില്‍ രേഖപ്പെടുത്തിയ കൊല്ലത്ത് ഏപ്രില്‍ 24ന് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിരുന്നു.






