അമരാവതി- ലോക്ക്ഡൗണിനിടെ ബോറടി മാറ്റാന്‍ കൂട്ടുകാരുമൊത്ത് ചീട്ടുകളിച്ച് ലോറി ഡ്രൈവര്‍ കോവിഡ് പകര്‍ന്നുനല്‍കിയത് 24 പേർക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയ്ക്ക് സമീപം കൃഷ്ണലങ്കയില്‍ അയല്‍ക്കാരെയും സുഹൃത്തുക്കളെയും കൂട്ടിയാണ് ട്രക്ക് ഡ്രൈവർ ചീട്ടുകളിച്ചത്. ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് പോസിറ്റീവ് റിസല്‍ട്ട് ലഭിച്ചതോടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ചീട്ടികളി വിവരം പുറത്തായത്. തുടര്‍ന്ന് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് 23 പേര്‍ക്കും രോഗം പകര്‍ന്നതായി കണ്ടെത്തി.
സാമൂഹിക അകലം പാലിക്കണെമെന്ന നിര്‍ദ്ദേശം അവഗണിച്ചതാണ് രോഗം പടരാന്‍ ഇടയാക്കിയതെന്ന് ജില്ല കളക്ടര്‍ എഎംഡി ഇംതിയാസ് വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ കോവിഡ് ഹോട്ട്സ്‌പോട്ടുകളിലൊന്നാണ് വിജയവാഡ. നൂറിലധികം കേസുകള്‍ ഇവിടെ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 25 പേര്‍ക്കാണ് രോഗം പകര്‍ന്നതായി കണ്ടെത്തിയത്.






