ദുബായ്- ജോലിയില്ലാത്തതിനാല്‍ ദെയ്‌റ യൂണിയന്‍ മെട്രോ സ്‌റ്റേഷനടുത്തെ താമസ സ്ഥലത്ത് കുടുങ്ങിയ പത്തോളം ഫിലിപ്പീന്‍സ് യുവതീ യുവാക്കള്‍ക്ക് മലയാളികള്‍ രക്ഷകരായി. ഇവര്‍ക്ക് ഒരാഴ്ചക്ക് വേണ്ട അവശ്യ വസ്തുക്കള്‍ എത്തിച്ചു.
എട്ടു പേര്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാക്കളാണ്. കോവിഡ് ലോക്ഡൗണ്‍ കാരണം കമ്പനി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവരോട് ഫിലിപ്പീന്‍സിലേക്ക് തിരിച്ചുപോകാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, പുറപ്പെടാനിരുന്ന ദിവസം വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെ സുഹൃത്തുക്കളുടെ ഫ്‌ളാറ്റിലേയ്ക്ക് മാറി. അവിടെ താമസിച്ചിരുന്ന 2 യുവതികള്‍ ദുബായില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരായിരുന്നു. ലോക് ഡൗണ്‍ കാരണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവരും ജീവിതം വഴിമുട്ടി പ്രതിസന്ധിയിലായ സമയത്തായിരുന്നു സുഹൃത്തുക്കളെത്തിയത്.
ദിവസങ്ങളോളം ഭക്ഷണമില്ലാതെ കിടന്നതറിഞ്ഞ ഇവരുടെ കമ്പനയില്‍ ഉദ്യോഗസ്ഥനായ കാസര്‍കോട് പള്ളിക്കര സ്വദേശി ഫിറോസ് ഖാന്‍ സാലിഹ് വിവരം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. ഫിലിപ്പീന്‍സുകാരുടെ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ് ഇവര്‍ക്ക് നല്‍കിയതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രഞ്ജിത് കോടോത്ത് പറഞ്ഞു.






