തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്ക് രോഗം ഭേദമായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയം കൊല്ലം ജില്ലകളില്‍ മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് പുതുതായി രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 457 പേര്‍ക്കാണ്. 116 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കണ്ണൂരില്‍ 55 പേരും കാര്‍കോട് 15 പേരും കോഴിക്കോട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഇപ്പോള്‍ വൈറസ് ബാധിരായി ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 84 കാരന്‍ രോഗമുക്തി നേടിയ കാര്യം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കറിനാണ് കോവിഡ് ഭേദമായത്. ഈ പ്രായത്തിലും അദ്ദേഹത്തിന് രോഗമുക്തി നേടാനായത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിനെതിരെ സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം അഭിനന്ദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളത്തിന്റെ നടപടിയില്‍ കേന്ദ്രം സംതൃപ്തി രേഖപ്പെടുത്തിയത്.






