സാമൂഹിക അകലം പാലിക്കുമ്പോൾ നഷ്ടം; ബസ് ചാർജ് കൂട്ടാൻ നിർദ്ദേശം

തിരുവനന്തപുരം- സാമൂഹിക അകലം പാലിച്ച് ബസ് സർവീസുകൾ നടത്തേണ്ടി വരികയാണെങ്കിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് സംസ്ഥാന സർക്കാറിനോട് ശുപാർശ ചെയ്തു. ലോക്ഡൗണിന് ശേഷം സർവീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം കുറക്കാൻ ഇന്ധന നികുതിയിലോ റോഡ് നികുതിയിലോ ഇളവ് വരുത്തണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. മൂന്നിലൊന്ന് യാത്രക്കാരെ അനുവദിച്ച് സർവീസ് നടത്താനാണ് സർക്കാർ രൂപരേഖ തയ്യാറാക്കുന്നത്. സാമൂഹിക അകലം പാലിക്കൽ നിർദ്ദേശം നിലവിൽ വരുന്നത് വരെ ഇതു തുടരും. ഇത്തരത്തിൽ സർവീസ് നടത്തുകയാണെങ്കിൽ ദിവസം 68 ലക്ഷം രൂപയുടെ നഷ്ടമാണ് ബസ് ഗതാഗത മേഖലക്കുണ്ടാകുക. ഇത് നികത്താൻ ബസ് ചാർജ് കൂട്ടുകയും നികുതി കുറക്കുകയും വേണം. ഇതിന് തയ്യാറായില്ലെങ്കിൽ ഒരു വർഷം വരെ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. നിലവിൽ ഒരു ലിറ്റർ ഡീസലിന് 23 രൂപയാണ് സർക്കാർ നികുതിയായി ഈടാക്കുന്നത്. ബസുകൾക്ക് നികുതി ഈടാക്കുന്നത് ഒഴിവാക്കിയാൽ സർക്കാറിന്റെ വരുമാനം കുറയും. ഇക്കാര്യത്തിൽ സർക്കാർ വിശദമായ പഠനം നടത്തുമെന്നാണ് സൂചന. 
 

Latest News