തമ്പുകളും സമൂഹ നോമ്പുതുറകളുമില്ല, ഇഫ്താര്‍ കിറ്റുകള്‍ ആശ്രയം

ദുബായ്- റമദാന്‍ തമ്പുകളെ ആശ്രയിച്ച് നോമ്പു തുറന്നിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍, ലോക്ഡൗണില്‍ ആശയറ്റവരായി. ഇവര്‍ക്ക് ആശ്വാസമായി ഇഫ്താര്‍ കിറ്റുകള്‍.
പള്ളികളിലെ സമൂഹ നോമ്പുതുറയും ഇഫ്താര്‍ തമ്പുകളുമാണ് സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സാധാരണ ആശ്വാസമേകുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികള്‍മൂലം ഇവയൊന്നും ഇത്തവണ ഇല്ല. പലരും ചെറിയ മട്ടില്‍ ഭക്ഷണസാധനങ്ങളുണ്ടാക്കി റമദാനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
ബാച്ച്‌ലേഴ്‌സ് ഫഌറ്റുകളിലെ താമസക്കാരും ക്യാമ്പുകളില്‍ കഴിയുന്നവരുമൊക്കെ ഇത്തവണ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ ഇഫ്താര്‍ പാക്കുകളിലാണ് ഇവര്‍ പ്രതീക്ഷ വെച്ചിരിക്കുന്നത്. യു.എ.ഇയില്‍ നടപ്പാക്കുന്ന ഒരു കോടി പേര്‍ക്ക് ഭക്ഷണം പദ്ധതിയും ഇഫ്താര്‍ തമ്പുകള്‍ക്ക് പകരമാകും.
സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടേയും പ്രതീകമായിരുന്ന റമദാന്‍ മുറികളിലെ ഏകാന്തതയിലേക്ക് ചുരുങ്ങിയത് പലരേയും വിഷണ്ണരാക്കുന്നു. നോമ്പ്തുറയും തറാവീഹ് നമസ്‌കാരവുമെല്ലാം മുറികളില്‍ ഒറ്റക്ക്. പെരുന്നാള്‍ വരെ ഈയവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് ആരും കരുതുന്നില്ല. സാഹചര്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് വിശ്വാസികളെല്ലാം.

 

Latest News