ബുറൈദ - ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നിന്ന് ഒഴിപ്പിച്ച സൗദി പൗരന്മാർ അൽഖസീമിലെത്തി. അൽഖസീം പ്രിൻസ് നായിഫ് വിമാനത്താവളത്തിൽ വിദേശ, ടൂറിസം, ആരോഗ്യ മന്ത്രാലയങ്ങളുടെയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെയും പ്രതിനിധികൾ ചേർന്ന് അവരെ സ്വീകരിച്ചു.
ഓസ്ട്രിയ, സ്ലോവാക്യ, സ്ലേവേനിയ, ചെക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെയാണ് സൗദിയയുടെ പ്രത്യേക വിമാനത്തിൽ വിയന്നയിൽനിന്ന് അൽഖസീമിൽ എത്തിച്ചത്. ഇവരെ പിന്നീട് എല്ലാവിധ ആരോഗ്യ, മുൻകരുതൽ നടപടികളും സ്വീകരിച്ച് എയർപോർട്ടിൽ നിന്ന് ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിലേക്ക് നീക്കി. പതിനാലു ദിവസം ഹോട്ടലുകളിൽ കഴിഞ്ഞ് രോഗമുക്തരാണെന്ന് 100 ശതമാനവും ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂ. നേരത്തേ റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകൾ വഴി അമേരിക്ക, ബഹ്റൈൻ, അമേരിക്ക, മലേഷ്യ, ഫിലിപ്പൈൻസ്, മൗറീഷ്യസ്, ഇന്തോനേഷ്യ, ബ്രിട്ടൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ ഒഴിപ്പിച്ചിരുന്നു.






