മൃതദേഹം കൊണ്ടുപോകാന്‍ വിലക്ക്: കടുത്ത പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

അബുദാബി- കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുപോകുന്നതുപോലും വിലക്കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രവാസി സംഘടനകള്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തി.
കോവിഡ് ബാധിച്ച് മരിച്ച മൃതദേഹങ്ങള്‍ക്ക് മാത്രമാണ് വിലക്കെന്ന് കേന്ദ്രം പറയുന്നുവെങ്കിലും, വിമാനക്കമ്പനികള്‍ ഉത്തരവ് കിട്ടിയതോടെ എല്ലാ മൃതദേഹങ്ങളും കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം മോര്‍ച്ചറിയില്‍നിന്ന് വിമാനത്താവളത്തിലെത്തിച്ച മൃതദേഹംപോലും ഇതുമൂലം തിരിച്ചുകൊണ്ടുപോകേണ്ടിവന്നു.
പ്രവാസികളോട് ചെയ്യുന്ന കടുത്ത അനീതിയാണിതെന്ന് കേരളാ സോഷ്യല്‍ സെന്റര്‍ പ്രതികരിച്ചു.
മൃതദേഹത്തോടുപോലും അനാദരം കാണിക്കുന്ന നടപടിയാണിത്. സാധാരണ അസുഖംമൂലം ഗള്‍ഫില്‍ മരിച്ച ഒട്ടേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കിടക്കുകയാണ്. ഉറ്റവര്‍ക്ക് അവസാനമായി ഒരു നോക്കു കാണാന്‍ പോലും അവസരമൊരുക്കാത്ത ഈ നടപടി എത്രയും പെട്ടെന്നു പിന്‍വലിക്കണം. കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് തടഞ്ഞ നടപടി പുനഃപരിശോധിച്ച് പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകണമെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ആശ്രയിച്ചിരുന്ന കാര്‍ഗോ വിമാനങ്ങളുടെ സേവനം നിര്‍ത്തലാക്കിയത് ഏവരെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് അബുദാബി ശക്തി തിയേറ്റേഴ്‌സ് പറഞ്ഞു. പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ എന്നും അവഗണന കാണിക്കുന്നു എന്നതിന് ഒരു തെളിവ് കൂടിയാണ് ഇത്.
ചരക്കുവിമാനങ്ങളിലും മൃതദേഹം കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

 

Latest News