റിയാദ്- കോവിഡ് രോഗമില്ലാത്ത മൃതദേഹങ്ങളും ഇന്ത്യയിലെത്തിക്കുന്നത് തടഞ്ഞ നടപടിയില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നിവേദനം സമര്‍പ്പിച്ചു. ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനും വ്യോമയാന, വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും നിവേദനം നല്‍കിയതെന്ന് ലീഗല്‍ സെല്‍ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അറിയിച്ചു.
കോവിഡ് രോഗികളല്ലാത്തവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഏപ്രില്‍ 23 വരെ തടസ്സങ്ങളുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം യു.എ.ഇയില്‍നിന്ന് കൊണ്ടുപോയ മൃതദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹം അയക്കാനും സാധിക്കുന്നില്ല.
ദല്‍ഹിയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ് ജക്്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതുകാരണം വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. കോവിഡ് രോഗികളല്ലാത്ത പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എന്‍.ഒ.സി ഇല്ലാതെ തന്നെ ചരക്കു വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നതിന് നേരത്തെ ആഭ്യന്തര മന്ത്രലായം അനുവദിച്ചിരുന്നു.
മാന്യമായ മൃതദേഹ സംസ്‌കാരം ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 21 ഉറപ്പു നല്‍കുന്ന മൗലിക അവകാശമാണെന്നും അതിനാല്‍ കോവിഡ് രോഗികളല്ലാത്തവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തടഞ്ഞുവെച്ചിരിക്കയാണെന്നും ബഹ്‌റൈന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.






