റമദാൻ വ്രതവും പ്രമേഹ രോഗികളും

റമദാൻ മാസം വന്നു. ലോകത്താകമാനം 180 കോടിയിലേറെ ജനങ്ങൾ റമദാൻ വ്രതമനുഷ്ഠാനങ്ങൾക്കുള്ള തയാറെടുപ്പിലാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന - ജലപാനമില്ലാതെ പന്ത്രണ്ടു മുതൽ പതിനാല് മണിക്കൂർ വരെ വ്രതമനുഷ്ഠിക്കുന്ന പ്രമേഹ രോഗികൾ മുൻകരുതലെടുക്കുന്നത് സുഖകരമായ വ്രതാനുഷ്ഠാനത്തിന് സഹായകമാകും. 
പ്രമേഹ രോഗികളിൽ അധികവും സ്ഥിരമായി ഗുളിക, ഇൻസുലിൻ ഇഞ്ചക്ഷൻ എന്നിവ രണ്ടും മൂന്നും നേരം ഉപയോഗിക്കുന്നവരായിരിക്കും. ആയതിനാൽ ഇത്തരം രോഗികൾ വ്രതാനുഷ്ഠാനത്തിന് ഒന്ന് രണ്ട് ആഴ്ചക്കു മുമ്പ് വിദഗ്ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്. പ്രമേഹം നിയന്ത്രണ വിധേയമായ ടൈപ്  2 പ്രമേഹ രോഗികൾ വ്രതമനുഷ്ഠിക്കുന്നതിൽ കുഴപ്പമില്ല. മരുന്നുകളുടെ സമയക്രമത്തിലുള്ള വ്യത്യാസം, അളവ് എന്നിവയിൽ കൃത്യമായ ധാരണ വരുത്തേണ്ടതാണ്.
ടൈപ് 1 പ്രമേഹ രോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലായതിന് ശേഷമേ വ്രതമനുഷ്ഠിക്കുവാൻ പാടുള്ളൂ. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇൻസുലിൻ, ഗുളിക എന്നിവ ഒരിക്കലും നിർത്തരുത്. ടൈപ് 1 രോഗികളിൽ ഇൻസുലിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ നില വർധിക്കുന്നത് ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നു. ഇത് രോഗിയുടെ ജീവന് തന്നെ ആപത്താകും. 

ഭക്ഷണ രീതി
പൊതുവെ റമദാനിലെ നോമ്പുതുറ വിഭവ സമൃദ്ധമായാണ് പലയിടങ്ങളിലും കാണാറുള്ളത്. പ്രമേഹ രോഗികൾ അവരുടെ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് സുഗമമായ വ്രതാനുഷ്ഠാനം സാധ്യമാക്കും. സൂര്യോദയത്തിന് മുമ്പുള്ള അത്താഴം പ്രമേഹ രോഗികൾക്ക് നിർബന്ധമാണ്. അത് കുറച്ച് വൈകി കഴിക്കുന്നത് നന്നായിരിക്കും. അത്താഴത്തിന് അന്നജമടങ്ങിയ ഭക്ഷണമാണുത്തമം. 
നോമ്പ് തുറക്കുന്ന സമയത്ത് ഒന്നോ രണ്ടോ കാരക്കയോ (ഈത്തപ്പഴം)  ലഘുഭക്ഷണമോ ആകാം. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും ഫ്രൂട് ജ്യൂസുകളും ഒഴിവാക്കേണ്ടതാണ്. അതേ സമയം പഞ്ചസാരക്ക് പകരം കൃത്രിമ മധുരം മിതമായ തോതിൽ ഉപയോഗിക്കാവുന്നതാണ്.  തവിടോടു കൂടിയ അരി, ഗോതമ്പ്, മുത്താറി എന്നിവയോടൊപ്പം പ്രോട്ടീൻ ധാരാളം അടങ്ങിയ പയർ, കടല, ഗ്രീൻ പീസ്, മീൻ, മുട്ട, കോഴിയിറച്ചി  എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. ഫ്രൂട് ജ്യൂസുകൾക്ക് പകരം ഫ്രൂട്‌സ് മിതമായി കഴിക്കാം. മധുരം കുറവുള്ള ആപ്പിൾ, പേരക്ക, മുസമ്പി , ഓറഞ്ച്, പപ്പായ എന്നിവ ദിവസത്തിൽ നൂറ് ഗ്രാം വരെ കഴിക്കാവുന്നതാണ്. എണ്ണ പലഹാരങ്ങളും മൈദ കൊണ്ടുള്ള വിഭവങ്ങളും വർജിക്കേണ്ടതാണ്. മുത്താഴത്തിന് (ഇടത്താഴം) മധുരമില്ലാത്ത തരിക്കഞ്ഞിയോ, ഗോതമ്പ് കഞ്ഞിയോ, ഓട്‌സോ പാലിനൊപ്പം കഴിക്കാവുന്നതാണ്. ഭക്ഷണം ഒറ്റയിരിപ്പിന് കഴിക്കാതെ ഇടവിട്ട് കഴിക്കുന്നതാണ് ഉത്തമം.

റാഫിദ നിയാദ് പി.എം

(സീനിയർ ഡയറ്റീഷ്യൻ ആന്റ് ഡയബറ്റിക് എജ്യൂക്കേറ്റർ, 
ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, കോഴിക്കോട്)

വ്രതമെടുക്കുമ്പോൾ രോഗികൾ കൃത്യമായ ഇടവേളകളിൽ ഗ്ലൂക്കോമീറ്ററിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞു പോകാനുള്ള സാധ്യത വ്രതമനുഷ്ഠിക്കുന്നവരിൽ കൂടുതലാണ്. ടൈപ് 1 പ്രമേഹ രോഗികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. എന്നാൽ ഇൻസുലിൻ ഉപയോഗിക്കുന്ന ടൈപ് 2 രോഗികളിലും പ്രവർത്തന ദൈർഘ്യം കൂടിയ ഗുളികകൾ കഴിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതു മൂലം (ഹൈപോ ഗ്ലൈസീമിയ) ചില രോഗികളിൽ ക്ഷീണം, തലകറക്കം, വിറയൽ, കൂടുതൽ വിയർപ്പ്, തണുപ്പ് എന്നിവ അനുഭവപ്പെടുമ്പോൾ മധുരമുള്ളവ കഴിച്ച് വ്രതം മുറിക്കേണ്ടതാണ്.  രണ്ട് നേരം ഗുളിക / ഇൻസുലിൻ കുത്തിവെക്കുന്ന രോഗികൾ രാവിലത്തെ ഡോസ് നോമ്പ് തുറക്കുമ്പോഴും രാത്രിയിലേത് അത്താഴ സമയത്തും ഉപയോഗിക്കേണ്ടതാണ്.
വ്രതമനുഷ്ഠിക്കുന്ന രോഗികളിൽ നിർജ്ജലീകരണം സാധാരണ കാണുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാൻ ദിവസവും രണ്ട് - മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. വ്രതമനുഷ്ഠിക്കുന്നവർ കഠിനമായ വ്യായാമമുറകൾ ഒഴിവാക്കേണ്ടതാണ്. 
പുത്തൻ തലമുറയിലെ ചില ഗുളികകളും ഇൻസുലിനും രക്തത്തിലെ ഷുഗർ തീരെ കുറഞ്ഞ് പോകാതെയും കൂടിപ്പോകാതെയും സംരക്ഷിക്കുന്നതാണ്. ആയതിനാൽ അത്തരം ചികിത്സ ലഭിക്കുവാൻ വിദഗ്ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്. 
മതപരമായ ആചാരങ്ങൾ പാലിക്കുന്നതോടൊപ്പം ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ നിങ്ങളുടെ ശരീരത്തെ നാശത്തിലേക്ക് തള്ളരുത് എന്ന നബിവചനം ശ്രദ്ധേയമാണ്.

Latest News