സേവന രംഗത്തെ അപൂർവ ഗാഥകൾ

ജനിച്ച് ആറു മാസം ആകുമ്പോഴേക്കും സ്വന്തം പിതാവിന്റെ മരണത്തോടെഅനാഥത്വം ഏറ്റുവാങ്ങി വളർന്നമലപ്പുറം ജില്ലയിലെ അറവങ്കരക്കാരനായ ഒരു പിഞ്ചു പൈതൽ. മാതാവിന്റെ സ്‌നേഹ ലാളനകളിൽ വളർന്ന് പിന്നീട് പതിനെട്ടാം വയസ്സിൽപ്രവാസിയായിമക്കയിലെത്തി പൊതുസമ്മതനായ ജനസേവകനായിത്തീർന്നു. ഈ കൊറോണക്കാലത്ത് അനാഥത്വം പേറുന്ന ജഡങ്ങൾക്ക് അന്ത്യശുശ്രൂഷയേകുന്ന തിരക്കിലാണിപ്പോൾ ആ മാതൃകാ സന്നദ്ധ സേവകൻ.
പരിചയപ്പെടുന്ന ഒരാൾക്കും മറക്കാൻ കഴിയാത്ത സ്വഭാവ മഹിമയും സമർപ്പണ ബോധവും  മുജീബ് പൂക്കോട്ടൂർ എന്ന മനുഷ്യ സ്‌നേഹിയെ അക്ഷരാർത്ഥത്തിൽ പേരിന്റെ അർത്ഥം സൂചിപ്പിക്കുന്ന പോലെ ഉത്തരം ചെയ്യുന്നവൻ തന്നെയാക്കി  മാറ്റുന്നുണ്ട്  ഭീതിദമായ ഈ വർത്തമാനകാലം.അതിശയോക്തിയെന്ന ഭാഷാലങ്കാരം അൽപവുമില്ലാതെയാണിത് കുറിക്കുന്നത്. കാരണം, മക്കയിലെത്തുന്ന ഹാജിമാർക്ക് രാപ്പകൽ ഭേദമില്ലാതെ ഏത് വക സേവനവും ഉടനടി ലഭ്യമാക്കണമെങ്കിൽ ഇദ്ദേഹത്തെ വിളിച്ചാൽ മതി എന്നത് പല തവണ നേരിട്ടനുഭവിച്ച നിരവധി പേരിൽ ഒരാളാണ് ഞാൻ. 
ലോകമെമ്പാടും ശവശരീരങ്ങളോടുള്ള ആദരവിലും ശുശ്രൂഷകളിലും ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിൽ ജനങ്ങളുടെ സമീപനങ്ങളിൽ വന്ന മാറ്റവും അമ്പരപ്പിക്കുന്ന പെരുമാറ്റവും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് മക്കയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന മഹനീയ സേവനമെന്നത് നാം വിസ്മരിക്കരുത്.  
ചെന്നൈയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ സ്വന്തം സഹപ്രവർത്തകനായ ഡോക്ടറുടെ മൃതദേഹം മറവ് ചെയ്യാൻ പോയ ഡോ. ദിലീപ് കുമാറിന്റെ ദുരനുഭവം അടക്കാനാവാത്ത കണ്ണീരോടെയാണ് നമ്മൾ കണ്ടത്. സമൂഹത്തിൽ വംശീയ വിദ്വേഷം നിയന്ത്രണാതീതമായി പ്രചരിപ്പിക്കുന്ന രാഷ്ട്ര നേതാക്കളും ഭരണാധികാരികളും മാധ്യമ പ്രവർത്തകരും അനുദിനം പരിശ്രമിച്ചിട്ടും ഇന്ത്യൻ മനസ്സിന്റെ നാനാത്വത്തിലെ ഏകത്വം തരിമ്പ് പോലും കേടു വരാതെ സൂക്ഷിക്കുന്ന, നന്മയെ പുൽകുന്ന ഗ്രാമീണ ജനതയുടെ കഥകൾ കൂടി കോവിഡ് കാലം നമുക്ക് വീണ്ടും വീണ്ടും കാട്ടിത്തരുന്നുണ്ട്.


ചെന്നൈയിൽ നിന്ന് തന്നെ ദി ഹിന്ദു റിപ്പോർട്ട് ചെയ്ത ഒരു സംസ്‌കാര വാർത്ത വിരൽ ചൂണ്ടുന്നതതിലേക്കാണ്. മനുഷ്യത്വവും കാരുണ്യവുമാണ് ജാതിമത വിശ്വാസ ധാരകൾക്കതീതമായി പുലരേണ്ടതെന്ന് കൊറോണ ബാധിച്ച് മരിച്ച സ്വ സഹോദരന്റെ ശവം മറവുചെയ്യാൻ സഹായിച്ച മുസ്‌ലിം സഹോദരങ്ങളുടെ വിശാലയതയെ ശ്ലാഘിച്ച് കെ. ശാന്തനകൃഷ്ണൻ നടത്തിയ പ്രസ്താവന ഇതിനകം രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ബന്ധത്തിലെയും സ്വസമുദായത്തിലെയും ഒരാളെയും കിട്ടാതെ വന്നപ്പോൾ അയൽവാസികളായ അന്യസമുദായത്തിലെ അംഗങ്ങളുടെ സഹായത്തോടെയാണ് ആചാര പ്രകാരം അദ്ദേഹത്തിന്റെ സഹോദരന്റെ ശവസംസ്‌കാരം നടന്നത്. 
മനുഷ്യത്വം തുളുമ്പുന്ന സമാനമായ ഒരു കാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ ദ്രൗപതി ഭായി എന്ന വയോധികയുടെ അന്ത്യകർമങ്ങളിലും നാം കണ്ടു. 
മറക്കാൻ പറ്റാത്ത മറ്റൊരു മനുഷ്യ സ്‌നേഹി കൂടിയുണ്ട്, കഴിഞ്ഞ ഇരുപത്തി ഏഴ് വർഷമായി ഏതൊക്കെയോ കുടുംബങ്ങളിൽ നിന്നെത്തി പല കാരണങ്ങളാൽ മരണപ്പെട്ട ആയിരക്കണക്കിന് മനുഷ്യ മക്കളുടെ അവകാശികളില്ലാത്ത ജഡങ്ങൾ മറവ് ചെയ്യുന്നതിൽ വ്യാപൃതനായ അയോധ്യക്കടുത്ത പ്രദേശത്തെ എൺപതുകാരനായമുഹമ്മദ് ഷരീഫ്. ഹിന്ദു തീവ്രവാദികൾ ബാബ്‌രി മസ്ജിദ് തകർത്ത നാളിലുണ്ടായ ആസൂത്രിത കലാപത്തിൽ ഇരുപത്തഞ്ചുകാരനായ മകനെ നഷ്ടപ്പെട്ട ആളാണ് സൈക്കിൾ റിപ്പയർ വർക്ക് നടത്തി ഉപജീവനം കണ്ടെത്തുന്ന ഈ വയോധികൻ. ഫാർമസിസ്റ്റ് ആയിരുന്നു മകൻ. മാസങ്ങൾ കഴിഞ്ഞാണ് അവന്റെ മരണ വാർത്ത പോലീസ് അദ്ദേഹത്തെ അറിയിച്ചത്. എവിടെ മരിച്ചെന്നോ എവിടെ അടക്കിയെന്നോ അവർക്കറിയില്ലായിരുന്നു. തുടർന്ന് ഏതാനും നാളുകൾക്ക് ശേഷം പോലീസുകാർ ഒരജ്ഞാത ജഡം പുഴയിലേക്കെറിയുന്ന കാഴ്ച കണ്ടത് മുതൽ മുഹമ്മദ് ഷരീഫ് ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചു. തന്റെ മകന്റെ ജഡം ഉചിതമായ രീതിയിൽ മറവ് ചെയ്യപ്പെടാത്തതു പോലെ, ഒരജ്ഞാത ജഡവും ഇനി മേലിൽ തന്റെ അറിവിൽ മറവ് ചെയ്യപ്പെടാതിരുന്നുകൂടാ. അതൊരു വിസ്മയകരമായ ദൃഢ പ്രതിജ്ഞയായിരുന്നു. കുടുംബക്കാരുടെ വിയോജിപ്പും ആഘോഷങ്ങളും മറ്റു തിരക്കുകളുമൊന്നും അദ്ദേഹം വകവെച്ചില്ല. 
അയോധ്യ ജില്ലാ ഭരണാധികാരി അനുജ് കുമാർ ഝാ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇതിനകം എത്ര ജഡങ്ങൾ മറവ് ചെയ്യാനായി  അദ്ദേഹത്തെ ഏൽപിച്ചുവെന്നതിന് രേഖകൾ ഇല്ലെന്നാണ്. അത്രയധികം അജ്ഞാത ജഡങ്ങൾ അദ്ദേഹം ഈ കാലയളവിൽമറവ് ചെയ്തിട്ടുണ്ട്. ഏകദേശം അയ്യായിരത്തി അഞ്ഞൂറിലധികംജഡങ്ങൾ ഇദ്ദേഹം മറവ് ചെയ്തിട്ടുണ്ടാവുമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മരണം നിയന്ത്രണാതീതമാവുമ്പോൾ ആചാരങ്ങൾ പാലിക്കാനോ ആദരവോടെ ശവങ്ങൾ മറവ് ചെയ്യാനോ കഴിയണമെന്നില്ല. മഹാവ്യാധികളുടെയും പ്രകൃതിദുരന്തങ്ങളുടെയും കലാപങ്ങളുടെയും കാലത്ത് ജീവിക്കുന്നവരുടെ ദുരിതം മാത്രമല്ല, മരിച്ചവരുടെ ദുരിതം കൂടി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. 
മക്കയിൽ അടുത്ത ദിവസങ്ങളിൽ മരണപ്പെട്ട ഇന്ത്യക്കാരായ രണ്ട് എൻജിനീയർ മാരുടെ ഖബറടക്കം നടത്താൻ ബന്ധുക്കളോ നാട്ടുകാരോ ഇല്ലാതെ വന്ന പ്രത്യേക സാഹചര്യത്തിൽ മുഴുവൻ സുരക്ഷാ  ക്രമീകരണങ്ങളും പാലിച്ചാലും  രംഗത്തിറങ്ങാൻ ആരും ഒരുമ്പെടാത്ത ഈ നാളുകളിൽ  മുജീബ് കാണിക്കുന്ന സൻമനസ്സിനെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ടല്ലാതെ നമുക്കാർക്കും ഉപചാര വാക്കുകൾ കൊണ്ടോ പ്രശംസാ വചനങ്ങൾ കൊണ്ടോ   അഭിനന്ദിച്ചു തീർക്കാനാവില്ല.   
'ഇത്തരം ഘട്ടത്തിൽ ആരെങ്കിലുമൊന്നീ കാര്യം  എറ്റെടുത്തല്ലേ മതിയാവൂ. അല്ലാഹു എന്നിലേൽപിക്കുന്ന ഈ ദൗത്യങ്ങൾ പരമാവധി ശ്രദ്ധയോടെ നിർവഹിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ പ്രാർത്ഥിക്കണം.'   പ്രവാസ ജീവിതത്തിനിടയിൽ  ഏകദേശം രണ്ടായിരത്തോളം ഖബറടക്കങ്ങൾക്ക് നേതൃത്വം നൽകിയ  ഇദ്ദേഹത്തിന് അതേ  നമ്മോട് സൗമ്യമായി പറയാനുള്ളൂ.


 

Latest News