ന്യൂദൽഹി-കോവിഡ്-19 രോഗം ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്ന് ദൽഹിയിലെ തിരക്കേറിയ ആസാദ്പുർ മണ്ഡി പച്ചക്കറി മാർക്കറ്റ് അടച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റാണിത്. നൂറോളം ഏക്കറിൽ പരന്നുകിടക്കുന്ന മാർക്കറ്റിലെ മുന്നൂറോളം ഷോപ്പുകളാണ് അടച്ചത്. 2,800 ഷോപ്പുകളാണ് ഇവിടെയുള്ളത്. കുടുസായ സ്ഥലത്താണ് ഇത്രയും ഷോപ്പുകളുള്ളത്. 57 വയസുള്ള കച്ചവടക്കാരനാണ് ഇവിടോ കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹവുമായി ബന്ധമുളള 17 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഏപ്രിൽ പതിനാലിനാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തത്. തിങ്കളാഴ്ച കോവിഡ് പോസിറ്റീവാണെന്ന് ഫലം ലഭിച്ചു. ഏപ്രിൽ പിറ്റേ ദിവസം മരിക്കുകയും ചെയ്തു. നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന മാർക്കറ്റിന്റെ പ്രവർത്തന സമയം രാവിലെ ആറു മുതൽ രാത്രി പത്തുവരെയാക്കിയിട്ടുണ്ട്. ഒരേസമയം ആയിരം പേരെ മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. 2,376 പേർക്കാണ് ഇതേവരെ ദൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 50 പേർ മരിക്കുകയും ചെയ്തു.






