മുംബൈ- പുതുതായി 778 കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6427 ആയി. നാല്പത് പേരാണ് ഇരുപത്തിനാല് മണിക്കൂറിനകം മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം മരണം 283 ആയി. 522 പോസിറ്റീവ് കേസുകളാണ് വ്യാഴാഴ്ച മാത്രം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 4025 പേർക്കാണ് കോവിഡ് രോഗമുള്ളത്. 167 പേർ മുംബൈയിൽ ഇതേവരെ കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യയിലെ ഏററവും വലിയ ചേരിയായ ധാരാവിയിൽ 214 പേർക്കാണ് കോവിഡുള്ളത്. ഇവിടെ 13 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഹോട്‌സ്‌പോട്ടായി മുംബൈയെ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 78.9 ശതമാനം ആളുകളും 51 ഉം 60നും ഇടയിൽ പ്രായമുള്ളവരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മരണനിരക്ക് കുറക്കാനാണ് സർക്കാർ ഫോക്കസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേവരെ 840 കോവിഡ് രോഗികൾ പൂർണമായും രോഗം ഭേദമായി ആശുപത്രി വിട്ടു.






