അബുദാബി- പിതാവ് തട്ടിക്കൊണ്ടുപോയെന്ന് മാതാവ് പരാതിപ്പെട്ട ഒമ്പതുവയസ്സുകാരനെ മാതാവിന് തിരികെ ലഭിക്കും. രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ചാലുടന്‍ കുട്ടിയെ സ്വന്തം നാടായ മലേഷ്യയിലേക്ക് അയക്കും.
കുട്ടിയെ തിരിച്ചുകിട്ടാന്‍ മാതാവ് ഒരു വര്‍ഷമായി നടത്തിയ നിയമയുദ്ധത്തിനാണ് പര്യവസാനമാകുന്നത്. നേരത്തെ കേസ് തള്ളിയിരുന്നു. എന്നാല്‍ അപ്പീലില്‍ വീണ്ടും പരിഗണിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ദമ്പതികള്‍ വിവാഹമോചിതരായതോടെയാണ് സംഭവങ്ങളുടെ തുടക്കം. 45 കാരനായ പിതാവ് അവധിക്ക് കുട്ടിയെ ദുബായിലേക്ക് കൊണ്ടുവന്നു. കുട്ടിയെ തിരിച്ചുകൊണ്ടുവരാമെന്ന് മലേഷ്യയിലെ കോടതിയില്‍ ഇയാള്‍ സത്യവാങ്മൂലം നല്‍കിയിരുന്നുവെങ്കിലും അത് പാലിച്ചില്ല. തുടര്‍ന്നാണ് അമ്മ പരാതിയുമായെത്തിയത്. പരാതി അംഗീകരിച്ച കോടതി കുട്ടിയെ തിരിച്ചയക്കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.






