ഗുര്‍മീതിന്റെ ദേര ആസ്ഥാനം അരിച്ചുപെറുക്കുന്നു; കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തു

സിര്‍സ- പീഡനക്കേസില്‍ കഠിന തടവുശിക്ഷയനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിങിന്റെ നേതൃത്വത്തിലുള്ള ദേര സച്ച സൗദയുടെ ആസ്ഥാന രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ വന്‍ സൈനിക സന്നാഹങ്ങളുടെ അകമ്പടിയോടെ റെയ്ഡ് തുടങ്ങി. കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിട്ടുണ്ട്.

മതില്‍ കെട്ടി സംരക്ഷിച്ച 700 ഏക്കര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുര്‍മീതിന്റെ കേന്ദ്രത്തിലെ രഹസ്യങ്ങളറിയാന്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് റെയ്ഡ്. മുന്‍ ജഡ്ജി എ കെ എസ് പന്‍വറിന്റെ നേതൃത്തിലാണ് പരിശോധന. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സിര്‍സ ജില്ലയിലെ സത്നാം ചൗക്കിലാണ് ദേരയുടെ ആസ്ഥാനം. പ്രദശത്ത് അര്‍ധസൈനികരുടെ 41 കമ്പനികളേയും നാലു കരസേനാ സഘങ്ങളേയും നാലു ജില്ലകളില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാരേയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ അകമ്പടിയോടെ പരിശോധനാ സംഘം ദേര ആസ്ഥാനത്തിനകത്ത് പ്രവേശിച്ചു. ബോംബ് സ്‌ക്വാഡ്, പോലീസ് നായകള്‍ തുടങ്ങിയ സന്നാഹങ്ങളും സംഘത്തോടൊപ്പമുണ്ട്. പരിശോധനയുടെ പൂര്‍ണ വീഡിയോയും ചീത്രീകരിക്കും.

സിആര്‍പിഎഫ്, സശസ്ത്ര സീമാ ബല്‍, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്സ് എന്നീ സേനകളില്‍ നിന്നായി അയ്യായിരത്തോളം സൈനികരാണ് സിര്‍സയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. സൈനിക ഹെലികോപ്റ്റുപയോഗിച്ചുള്ള നീരീക്ഷണവുമുണ്ട്.

ഗുര്‍മീതിനെ 20 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്ന് ദേര അനുയായികള്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു. 38 പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സൈനിക സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുള്ളത്. ആക്രമണം നടത്താന്‍ ദേര അഞ്ചു കോടി രൂപ മുടക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Latest News