സംഘ്പരിവാര്‍ കണ്ണുരുട്ടി; കണ്ണന്താനം തിരുത്തി

ടൂറിസ്റ്റുകള്‍ ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതി
ഭുവനേശ്വര്‍- വിനോദ സഞ്ചാരികള്‍ക്ക് ബീഫ് നിര്‍ബന്ധമാണെങ്കില്‍ അത് സ്വന്തം നാട്ടില്‍നിന്ന് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും ഭുവനേശ്വറില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി വാര്‍ത്താ ലേഖകരെ കണ്ടത്.
മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ പ്രസ്താവനക്കു തീര്‍ത്തും വിരുദ്ധമാണ് മന്ത്രിയുടെ പുതിയ അഭിപ്രായ പ്രകടനം. ബീഫ് കഴിക്കുന്നതിന് ഒരു വിധ നിയന്ത്രണവുമില്ലെന്നും ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് യഥേഷ്ടം ലഭ്യമാണെന്നുമാണ് കണ്ണന്താനം നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരില്‍നിന്നും സംഘ്പരിവാറില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനാലാകാം കണ്ണന്താനം തന്റെ നിലപാട് പൊടുന്നനെ തിരുത്തിയതെന്ന് കരുതുന്നു. ബീഫിനു അനുകൂലമായി താന്‍ നേരത്തെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കയാണ്.

Latest News