റിയാദ്- കോവിഡ് പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും ഈ വര്‍ഷാവസാനം വരെ നീണ്ടേക്കാമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യമേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും കാരണം രാജ്യത്തിന്റെ വരുമാനത്തില്‍ കുറവുണ്ടാകും. ഈ വെല്ലുവിളിയെ നേരിടാന്‍ ചെലവുചുരുക്കല്‍ നടപ്പാക്കുമെന്നും ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലക്ക് 4700 കോടി റിയാല്‍ അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ കുടിശ്ശിക തീര്‍ക്കാന്‍ 2300 കോടി റിയാല്‍ നീക്കിവെക്കും.
കരുതല്‍ ധനത്തില്‍ നിന്ന് 120 ബില്യന്‍ റിയാലിലധികം പിന്‍വലിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആവശ്യമെങ്കില്‍ 100 ബില്യന്‍ റിയാല്‍ അധിക വായ്പയെടുക്കും. അതോടെ പൊതുകടം 220 ബില്യന്‍ റിയാലായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം, സ്പോര്‍ട്സ്, വിനോദ പരിപാടികള്‍, ഔദ്യോഗിക വിദേശയാത്രകള്‍ എന്നിവക്ക് അനുവദിച്ച പണം വെട്ടിക്കുറക്കും. നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മറ്റു ഏതൊക്കെ മേഖലകളില്‍ ചെലവു ചുരുക്കണമെന്നത് പിന്നീട് തീരുമാനിക്കും.
അതേ സമയം കോവിഡിനെ നേരിടാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാരണം അടഞ്ഞുകിടക്കുന്ന സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തിവരികയാണ്. വ്യവസായ, നിര്‍മാണ മേഖലകള്‍ക്ക് ഇളവു നല്കുമ്പോള് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൊത്ത, ചില്ലറ വിപണന മേഖലയും തുറക്കേണ്ടിവരും. എന്നാല്‍ മാത്രമേ അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉപകാരമുണ്ടാകൂ. വിദേശികളുടെ ലെവിയടക്കമുള്ള വിവിധ ഫീസുകള്‍ ഒഴിവാക്കുകയോ അവ അടക്കുന്നതിന് കാലാവധി നീട്ടിനല്കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലാണ്. പല ഫീസുകളും അടക്കുന്നത് നിലവില്‍ മൂന്നു മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആറോ ഒമ്പതോ മാസമോ ഒരു വര്‍ഷമോ നീട്ടി നല്‍കും. അല്ലെങ്കില്‍ സാഹചര്യത്തിനനുസരിച്ച് ഒഴിവാക്കി നല്‍കും. സര്‍ക്കാര്‍, സ്വകാര്യമേഖല കോവിഡ് പ്രതിരോധ രംഗത്ത് ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.






