ദുബായ്- ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി റവല്യൂഷണറി ഗാര്‍ഡ്. അമേരിക്കയുമായി സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തിനില്‍ക്കുന്ന സമയത്താണ് ഇറാന്റെ വെളിപ്പെടുത്തല്‍.
ദീര്‍ഘദൂര ബാലിസ്റ്റിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാകാം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതെന്ന് ഭയക്കുന്നതായി അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടാകാം. ഇതിന് ഉത്തരം പറയേണ്ടിവരുമെന്ന് യു.എസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
എന്നാല്‍ ആണവായുധം വികസിപ്പിച്ചിട്ടില്ലെന്നും ബാലിസ്റ്റിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
നൂര്‍ എന്നാണ് ഇറാന്റെ പുതിയ സൈനിക ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. മധ്യ ഇറാനിലെ മരുഭൂമിയില്‍നിന്നായിരുന്നു വിക്ഷേപണം, വിജയകരമായിരുന്നെന്നും ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയെന്നും ഇറാന്‍ അറിയിച്ചു.