ചാവക്കാട്- പ്രവാസി സഹായം ടിക്കറ്റിന്റെ കോപ്പി നിർബന്ധമാക്കിയതോടെ ടിക്കറ്റ് നഷ്ടപ്പെട്ടവർക്ക് സഹായം നഷ്ടപ്പെടാൻ സാധ്യത. ടിക്കറ്റ് കോപ്പിയില്ലാത്തവരുടെ അപേക്ഷ അക്ഷയകേന്ദ്രങ്ങൾ അപേക്ഷ നിരസിക്കുകയാണ്. കോവിഡ് പശ്ചാതലത്തിൽ 2020 ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാത്തവർക്കാണ് സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചത്. 5000 രൂപ മുതൽ 10,000 രൂപ വരെയുള്ള സഹായം നോർക്കവഴിയാണ് നൽകുന്നത്. ഇത് സംബന്ധമായ അപേക്ഷ അക്ഷയ വഴി ഓൺലൈനിൽ നൽകുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മുതൽ ടിക്കറ്റിന്റെ കോപ്പിയും സ്‌കാൻ ചെയ്തു കയറ്റണമെന്ന നിയമം നിർബന്ധമാക്കിയത്. അതേസമയം ഞായറാഴ്ചവരെ ടിക്കറ്റിന്റെ കോപ്പി ആവശ്യപെട്ടിരുന്നില്ല. കേരളത്തിൽ ആയിരകണക്കിനു പ്രവാസികൾ ടിക്കറ്റിന്റെ കോപ്പിയില്ലാതെ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ ടിക്കറ്റിന്റെ കോപ്പിയും സമർപ്പിച്ചാലെ ഓൺലൈൻ അപേക്ഷ പൂർണതയിൽ എത്തി റജിസ്‌ട്രേഷൻ പൂർത്തിയാവൂ എന്നു പറഞ്ഞാണ് അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മടക്കുന്നത്. അതേസമയം ചില അക്ഷയകേങ്ങ്രൾ ബോഡിംങ്ങ്പാസും, വന്നിറങ്ങിയ ഏയർപോർട്ട് തിയതിയുള്ള പാസ്‌പോർട്ടിലെ പേജും സ്‌കാൻ ചെയ്ത് കയറ്റി അപേക്ഷ സീകരിക്കുന്നതായി പറയുന്നുണ്ട്. നാട്ടിലെത്തിയ ആയിരകണക്കിനു പ്രവാസികളുടെ പക്കൽ ടിക്കറ്റ് കോപ്പിയില്ലാത്ത അവസ്ഥയാണ്. പലരുടെതും ടിക്കറ്റ് നഷ്ടപ്പെട്ടു. മൊബൈൽ ഫോണിൽ സൂക്ഷിച്ചവർക്ക് അപേക്ഷ പൂർത്തീകരിക്കാം. പല പ്രവാസികളും ടിക്കറ്റ് നഷ്ടപ്പെട്ടതിനാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പ്രയാസപെടുകയാണ്. അപേക്ഷകന്റെ പേര്, അപേക്ഷകന്റെ അഡ്രസ്സ്, ജില്ല, തിരിച്ചെത്തിയ തീയതി, ഇപ്പോൾ ജോലി ചെയ്തുവന്നിരുന്ന രാജ്യം, ഇ-മെയിൽ, ജനന തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് പാസ് ബുക്കിലെ പേര്, ബാങ്കിന്റെ പേരും, ബ്രാഞ്ചും, ഐ.എഫ്.എസ്.സി കോഡ്.എന്നിവയാണ് നോർക്കയുടെ അപേക്ഷയിൽ കാണിക്കേത് ഇതോടൊപ്പം പാസ്‌പോർട്ടിന്റെ ഒന്നാം പേജ്, പാസ്‌പോർട്ട്, അഡ്രസ്സ് പേജ്, ജനുവരി ഒന്നിന് നു ശേഷം എയർവെൽ രേഖപ്പെടുത്തിയ പാസ്‌പോർട്ട് പേജ്, പാസ്‌പോർട്ടിൽ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്റെ/വിസയുടെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ കോപ്പി അപേക്ഷകന്റെ ഫോട്ടോ എന്നിവയാണ് സ്‌കാൻ ചെയ്ത് കയറ്റേണ്ടത്. ഇതിനിടയിലാണ് ടിക്കറ്റിന്റെ കോപ്പിയും വേണമെന്ന സർക്കാർ നിർദേശം വന്നത്. അപേക്ഷ സ്വീകരിക്കൽ ഈ മാസം 30 ന് അവസാനിക്കാനിരിക്കെ ഇത് സംബന്ധമായി ഒരു നിർദേശങ്ങളും അക്ഷയകേന്ദ്രങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ടിക്കറ്റിന്റെ കോപ്പിയില്ലാതെ അപേക്ഷ സമർപ്പിച്ച പ്രവാസികൾക്കുള്ള സഹായം ഇല്ലാതാവുമോ എന്നും ആശങ്കയുണ്ട്. ദിനംപ്രതി അപേക്ഷകളിൽ വരുന്ന മാറ്റങ്ങൾ മൂലം ദുരിതത്തിലായ പ്രവാസികൾ വീണ്ടും പ്രയാസപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സമർപ്പിക്കുന്ന അപേക്ഷയിൽ പ്രവാസിയുടെ സേവിംങ്ങ് ബാങ്ക് എക്കൗണ്ടാണ് കാണിക്കാൻ പറഞ്ഞിരുന്നത്. എന്നാൽ ഭൂരിഭാഗം പ്രവാസികൾക്കും എൻ.ആർ.ഐ എക്കൗണ്ടുകളാണുണ്ടാവുക. എസ്.ബി അക്കൗണ്ടുണ്ടങ്കിൽ തന്നെ പ്രവാസികൾക്ക് കുറവായിരിക്കും. അപേക്ഷ സമർപ്പിക്കാൻ പ്രവാസികൾ എസ്.ബി എക്കൗണ്ട് എടുക്കാൻ ദിവസങ്ങളോളം ഓട്ടത്തിലായിരുന്നു. പിന്നീട് ഭാര്യയുടെയോ, രക്ഷിതാക്കളുടെയോ എക്കൗണ്ടുമായി ജോയന്റ് എക്കൗണ്ടാക്കി മാറ്റാനായിരുന്നു നിർദേശം. ഇതിനും പല ബാങ്കുകളും തയ്യാറായില്ല. ഇതിനായും പ്രവാസികൾ പാടുപെട്ടു. പിന്നീടാണ് സർക്കാർ നിർദേശം വന്നത്. ഭാര്യയുടെയോ, രക്ഷിതാക്കളുടെയോ, എക്കൗണ്ട് വിവരങ്ങൾ അവരുടെ സത്യവാങ്ങ് മൂലം വഴി നൽകിയാൽ മതിയെന്നായിരുന്നു ഇത്. ഇതിനു ശേഷമാണ് ടിക്കറ്റിന്റെ കോപ്പി സമർപ്പിക്കണമെന്ന നിർദേശം വന്നത്. പ്രവാസിസമൂഹത്തിന് നൽകാമെന്നു പറഞ്ഞ സഹായം ദിനം പ്രതി പുതിയ നിർദേശങ്ങൾ വരുത്തി. പരമാവധി സമയപരിധിക്കുള്ളിൽ അപേക്ഷകൾ കുറക്കാനും, സഹായങ്ങൾ നൽകാതിരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് ആരോപണമുണ്ട്.






