ആശങ്ക നീങ്ങുന്നില്ല; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്

കൊല്‍ക്കത്തയില്‍ ഗംഗാ നദിക്കു സമീപം മൃതദേഹം സംസ്‌കരിക്കുന്നതിനായി മാസ്‌ക് ധരിച്ച് കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍.

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 50 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഒരുദിവസം കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇത്രയധികം പേര്‍ മരിക്കുന്നത് ആദ്യമാണ്. ചൊവ്വാഴ്ച മാത്രം 1383 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 19,984 ആയി ഉയര്‍ന്നു.  മരണം 640.  മൊത്തം രോഗികളില്‍ 3870 പേരാണ്  ഇതിനകം രോഗമുക്തി നേടിയത്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മരണസംഖ്യ 251 ആയി. രോഗബാധിതര്‍ 5218 ആയി വര്‍ധിക്കുകയും ചെയ്തു. കോവിഡ് ബാധയുടെ കാര്യത്തില്‍ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലുള്ള ഗുജറാത്തില്‍ 90 ആണ് മരണസംഖ്യ. ഒറ്റദിവസം 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാലുദിവസം കൊണ്ട് ആയിരത്തില്‍ നിന്നും ഇരട്ടിയായത് ഗുജറാത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 2178 രോഗികളാണ് സംസ്ഥാനത്തുള്ളത്. മരണനിരക്കില്‍ മൂന്നാമത് മധ്യപ്രദേശും രോഗികളുടെ എണ്ണത്തില്‍ മൂന്നാത് ദല്‍ഹിയുമാണ്. 76 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. 1552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദല്‍ഹിയില്‍ ഇതുവരെ 47 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടെങ്കിലും രോഗമുക്തി നേടിയവരുടെ എണ്ണത്തിലും പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 618 പേരാണ് രോഗ മുക്തി നേടിയത്.
5218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 722 പേര്‍ക്കാണ് രോഗം ഭേദമായത്.

 

Latest News